‘പറഞ്ഞത് പാര്‍ട്ടി നയം, തെറ്റായി ഒന്നും പറഞ്ഞിട്ടില്ല’; എ. വിജയരാഘവനെ ന്യായീകരിച്ച്‌ പി.കെ ശ്രീമതി

കണ്ണൂർ: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍നിന്ന് വിജയിച്ചത് മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവനെ ന്യായീകരിച്ച്‌ കേന്ദ്ര കമ്മറ്റി അംഗം പി.കെ ശ്രീമതി.വിജയരാഘവന്‍ വയനാട്ടിലെ കോണ്‍ഗ്രസിന്‍റെ ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച്‌ പറഞ്ഞതില്‍ തെറ്റില്ലെന്നും പറഞ്ഞത് പാർട്ടി നയമാണെന്നും പി.കെ.ശ്രീമതി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹിന്ദു മുസ്ലിം വർഗീയവാദികള്‍ക്കെതിരായ നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്. വിജയരാഘവൻ പാർട്ടി നയം അനുസരിച്ചുള്ള കാര്യങ്ങളാണ് പ്രസംഗത്തില്‍ പറഞ്ഞത്, തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. കേരളത്തില്‍ വർഗീയവാദികള്‍ തല ഉയർത്താൻ ശ്രമിക്കുന്നുണ്ട്. അത് അനുവദിക്കില്ല. കേരളത്തിലെ പ്രധാനപ്പെട്ട സാമുദായിക നേതാവ് വെള്ളാപ്പള്ളി നടേശൻ കോണ്‍ഗ്രസിനെ കുറിച്ച്‌ പറയുന്നത് ശ്രദ്ധിക്കണം. വർഗീയവാദികളുമായി കൂട്ടു കെട്ട് ഉണ്ടാക്കിയാണ് കോണ്‍ഗ്രസ് മത്സരിക്കുന്നതെന്നും പികെ ശ്രീമതി കുറ്റപ്പെടുത്തി.

വിജയരാഘവനെതിരെ കോണ്‍ഗ്രസും മുസ്ലീം ലീഗുമടക്കം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഘപരിവാർ പോലും ഉപയോഗിക്കാത്ത ഭാഷയാണ് വിജയരാഘവന്‍റേതെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ വിമർശനം. പ്രിയങ്കാഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ടുകൊണ്ടാണെന്ന് പറയാൻ വിജയരാഘവനേ കഴിയൂവെന്നും സംഘപരിവാർ അജണ്ട സിപിഎം കേരളത്തില്‍ നടപ്പിലാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയത പരത്തുന്നത് സിപിഎമ്മിന്റെ അടിത്തറ ഇളക്കുമെന്നും സിപിഎം വര്‍ഗീയതയെ താലോലിക്കുന്നത് ശരിയല്ലെന്നും ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും വിമർശിച്ചു.

അതേസമയം വയനാട് പരാമർശത്തില്‍ വിമർശനം കടുക്കുമ്ബോഴും നിലപാട് ആവർത്തിക്കുകയാണ് എ. വിജയരാഘവൻ. രാഹുല്‍ഗാന്ധിയും പ്രിയങ്കയും വയനാട്ടില്‍ വിജയിച്ചത്‌ കോണ്‍ഗ്രസും ലീഗും ജമാഅത്തെ ഇസ്ലാമിയും എസ്‌.ഡി.പി.ഐയും ഉള്‍പ്പെടുന്ന ചേരിയുടെ പിന്തുണയിലാണെന്ന് വിജയരാഘവൻ ഫേസ്ബുക്കില്‍ കുറിച്ചു.