മരംകോച്ചുന്ന തണുപ്പിനൊപ്പം ശക്തമായ മഴയും, ആലിപ്പഴം വീഴാനും സാധ്യത; കിടുകിടാ വിറച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങള്‍
ദില്ലി: അതിശൈത്യം നേരിടുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.വിവിധയിടങ്ങളില്‍ ഇന്ന് പെയ്ത ശക്തമായ മഴ കാരണം ഉത്തരേന്ത്യയിലെ താപനിലയില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. പ്രത്യേകിച്ച് ദില്ലിയെയും പരിസര പ്രദേശങ്ങളെയുമാണ് കാലാവസ്ഥായിലുണ്ടാകുന്ന വ്യതിയാനം ബാധിക്കുന്നത്. ദില്ലിയിലും സമീപ പ്രദേശങ്ങളിലും ഇന്ന് ഓറഞ്ച് അലർട്ടും വാരാന്ത്യത്തില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ദില്ലി സർവകലാശാലയുടെ നോർത്ത് കാമ്ബസിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. ദില്ലിയിലുള്‍പ്പെടെ ആലിപ്പഴം പൊഴിയാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ ഗതാഗത തടസത്തിനും വെള്ളക്കെട്ടിനും കാരണമായി. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച മുതല്‍ ഹിമാചല്‍ പ്രദേശില്‍ ശീതക്കാറ്റ് വീശാനും സാധ്യതയുണ്ട്. തെക്കുകിഴക്കൻ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ദില്ലി, ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ, വിദർഭ, മധ്യമഹാരാഷ്ട്ര, ഗുജറാത്ത് എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ആലിപ്പഴം വീഴാനും ഇടിമിന്നല്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഞായറാഴ്ച മുതല്‍ ഹിമാചല്‍ പ്രദേശിൻ്റെ ചില ഭാഗങ്ങളില്‍ കടലാക്രമണത്തിന് സാധ്യതയുണ്ട്. ഡിസംബർ 27, 28 തീയതികളില്‍ പടിഞ്ഞാറൻ ഹിമാലയൻ മേഖലയില്‍ ഇടിമിന്നലിന്റെ അകമ്ബടിയോടെ വ്യാപകമായ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. അതേസമയം, രാജസ്ഥാനില്‍ ശക്തമായ തണുപ്പ് അനുഭവപ്പെടുന്നത് തുടരുകയാണ്. സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും നേരിയതോ മിതമായതോ ആയ മഴയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില ചുരുവില്‍ 5.4 ഡിഗ്രി സെല്‍ഷ്യസാണ്.