വിമാനത്താവളത്തില്‍ ഉംറ തീര്‍ഥാടകന് ക്രൂരമര്‍ദ്ദനമെന്ന് പരാതി; ആക്രമണത്തിന് കാരണം പാര്‍ക്കിങ് ഫീ തര്‍ക്കം

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തില്‍ ഉംറ തീർഥാടകന് ക്രൂരമർദ്ദനമെന്ന് പരാതി. പാർക്കിങ് ഫീയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ടോള്‍ ജീവനക്കാർ സംഘം ചേർന്ന് ആക്രമിച്ചുവെന്ന് മലപ്പുറം വെള്ളുവമ്ബ്രം സ്വദേശി റാഫിദ് പൊലീസിന് പരാതി നല്‍കി.ഉംറ കഴിഞ്ഞു ഇന്നലെ രാവിലെയാണ് റാഫിദും ഉമ്മയും കരിപ്പൂർ എയർ പോർട്ടില്‍ എത്തിയത്. മുപ്പതു മിനിറ്റിനുള്ളില്‍ ടോള്‍ പ്ലാസയ്ക്ക് വെളിയിലിറങ്ങി. എന്നാല്‍ ഒരു മണിക്കൂറിൻ്റെ ചാർജ് ടോള്‍ പ്ലാസ ജീവനക്കാർ ആവശ്യപ്പെട്ടു. ചോദ്യം ചെയ്തപ്പോള്‍ ടോള്‍ പ്ലാസ ജീവനക്കാർ അസഭ്യ വർഷവുമായി എത്തി.

പിന്നാലെ കാറില്‍ നിന്ന് വലിച്ചിഴച്ച്‌ പുറത്തിറക്കി മർദ്ദനം ആരംഭിച്ചു. കുടുംബം നോക്കി നില്‍ക്കേ റാഫിദനെയിം സഹോദരനെയും ക്രൂര മർദ്ദനത്തിനിരയാക്കിയെന്നാണ് പരാതി. ഹിന്ദി സംസാരിക്കുന്ന ആറു പേർ ചേർന്ന് മർദ്ദിച്ചതായി റാഫിദ് പറയുന്നു. റാഫിദിന്റെ ശരീരത്തില്‍ മർദ്ദനമേറ്റതിന്റെ മുറിവുകളും പാടുകളും ഉണ്ട്. പരിക്കേറ്റ റാഫിദും സഹോദരനും കൊണ്ടോട്ടി സർക്കാർ ആശുപത്രിയില്‍ ചികിത്സ തേടി. കരിപ്പൂർ പൊലീസില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.