‘കാസര്‍ഗോഡ് നിന്ന് പണവും ഫോണും’, മോഷ്ടിച്ച ബൈക്കില്‍ കൊല്ലത്തേക്ക്, കുറ്റിപ്പുറത്ത് വച്ച്‌ അപകടം, 34കാരൻ പിടിയില്‍

മലപ്പുറം: വാഹനാപകടത്തില്‍ പരിക്ക് പറ്റിയ യുവാവിനെ പൊലീസ് ചോദ്യം ചെയ്തതോടെ പൊളിഞ്ഞത് മോഷണക്കഥ. കൊല്ലം പട്ടത്താനം വായാലില്‍ത്തോപ്പ് നദീര്‍ഷാന്‍ (34) ആണ് കുറ്റിപ്പുറം പൊലീസിന്‍റെ പിടിയിലായത്.ഇന്നലെ പുലര്‍ച്ചെ കുറ്റിപ്പുറം പള്ളിപ്പടിയില്‍ വച്ചാണ് നദീര്‍ഷാന്‍ സഞ്ചരിച്ചിരുന്ന ബൈക്ക്, കാറുമായി കൂട്ടിയിടിച്ചത്.

പരിക്കേറ്റ നദീര്‍ഷാനെ നാട്ടുകാര്‍ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് മോഷണം വിവരങ്ങള്‍ അറിയുന്നത്. കാഞ്ഞങ്ങാട്ടെ ഒരു വീട്ടില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച നദീര്‍ഷാന്‍ പിന്നീട് ബൈക്കും മോഷ്ടിച്ചതിന് ശേഷം കൊല്ലത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. സിഐ കെ. നൗഫലിന്‍റെ നിര്‍ദേശ പ്രകാരം എസ്‌ഐ സുധീര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിപിൻ സേതു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

സമാനമായ മറ്റൊരു കേസില്‍ വയനാട് തൊണ്ടർനാട് കോറോത്തെ ബീവറേജ് ഔട്ലറ്റില്‍ മോഷണം നടത്തിയ രണ്ട് പേര്‍ ഇന്നലെ പൊലീസ് പിടിയിലായിരുന്നു. പേരാമ്ബ്ര കൂത്താളി സ്വദേശി സതീശൻ (41) എറണാകുളം തൃപ്പൂണിത്തറ സ്വദേശി ബൈജു [49] എന്നിവരാണ് പിടിയിലായത്. ഈമാസം എട്ടിനായിരുന്നു മോഷണം നടന്നത്. 22000 രൂപയും 92000 രൂപയുടെ മദ്യവുമാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്.