കോഴിക്കോട്: ബംഗളൂരുവില്‍ നിന്ന് പാക്കറ്റുകളിലായി എത്തിച്ച 226 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് ഉമ്മളത്തൂര്‍ സ്വദേശി അഭിനവ് (24), കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുസമ്മില്‍(27) എന്നിവരെയാണ് കാരന്തൂരിലെ ലോഡ്ജില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നാര്‍ക്കോട്ടിക് അസിസ്റ്റന്‍റ് കമ്മീഷണര്‍ ബോസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കുന്നമംഗലം എസ്‌ഐയും സിറ്റി ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ നീക്കത്തിലാണ് ഇരുവരും പിടിയിലായത്.
ലഹരി മരുന്നുകള്‍ ചെറിയ പായ്ക്കറ്റുകളിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചു കടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ചില്ലറ വില്‍പനക്കാര്‍ക്കും നഗരത്തിലെ മാളുകളും ടര്‍ഫുകളും കേന്ദ്രീകരിച്ചാണ് വില്‍പന നടത്തുക. മുസമ്മില്‍ സംസ്ഥാനത്തിന് അകത്തും പുറത്തും മോഷണക്കേസുകളിലും കഞ്ചാവ് കേസുകളിലും പിടിക്കപ്പെട്ടിട്ടുണ്ട്.
ഈ മാസം കോഴിക്കോട് നഗരത്തില്‍ പിടികൂടുന്ന രണ്ടാമത്തെ വലിയ ലഹരി മരുന്ന് കേസാണിത്. സിറ്റി ഡാന്‍സാഫ് എസ്‌ഐ മനോജ് എടയേടത്ത്, അബ്ദുറഹ്‌മാന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അഖിലേഷ്, അനീഷ് മൂസ്സാന്‍ വീട്, എം കെ ലതീഷ്, പി കെ സരുണ്‍ കുമാര്‍, എം ഷിനോജ്, എന്‍ കെ ശ്രീശാന്ത്, പി അഭിജിത്ത് തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.