വേങ്ങാട് മുകുന്ദൻ സാഹിത്യ പുരസ്കാരം കവി മാധവൻ പുറച്ചേരിക്ക്
കണ്ണൂര്‍: വേങ്ങാടിന്റെ സാമൂഹിക-സാഹിത്യ രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന വേങ്ങാട് മുകുന്ദൻ മാസ്റ്ററുടെ സ്മരണാർത്ഥം വേങ്ങാട് മുകുന്ദൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ മൂന്നാമത് വേങ്ങാട് മുകുന്ദൻ സാഹിത്യ പുരസ്കാരം മാധവൻ പുറച്ചേരിയുടെ ‘ഉച്ചിര’ എന്ന എന്ന കവിതാ സമാഹാരത്തിന്.ഫിബ്രുവരി 15ന് വൈകുന്നേരം 6.30 ന് വേങ്ങാട് ശ്രീനാരായണ വായനശാലയില്‍ ‘റീഡേഴ്സ് ഫോറ’ ത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. 11,111 രൂപയും ആർട്ടിസ്റ്റ് ഹരീന്ദ്രൻ ചാലാട് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം പ്രശസ്ത കവി വീരാൻകുട്ടി ജേതാവിനു സമർപ്പിക്കും.
വീരാൻകുട്ടി ചെയർമാനും ഡോ. എ.സി. ശ്രീഹരി, ഡോ. നിഷി ജോർജ്ജ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് 2024 ലെ പുരസ്കാരത്തിനർഹമായ കവിതാ സമാഹാരം കണ്ടെത്തിയത്. ആദ്യത്തെ പുരസ്കാരം നോവലിനും ( ദൈവം എന്ന ദുരന്ത നായകൻ/പി പി പ്രകാശൻ ) രണ്ടാമത്തേത് കഥാസമാഹാരത്തിനു ( കൈപ്പാട്/ വി സുരേഷ് കുമാർ)മാണ് നല്കിയിരുന്നത്.