Fincat

തദ്ദേശവാര്‍ഡ്‌ വിഭജനം: ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിങ് ഫെബ്രുവരി 5, 6 ന്

2840 പരാതികൾ പരിഗണിക്കും

മലപ്പുറം ജില്ലയിലെ ഗ്രാമപഞ്ചായത്ത്‌, നഗരസഭകളിലെ കരട്‌ വാര്‍ഡ്‌ വിഭജന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളില്‍ ഡീലിമിറ്റേഷൻ കമ്മീഷൻ്റെ ജില്ലാതല ഹിയറിങ് (നേര്‍വിചാരണ) ഫെബ്രുവരി 5, 6 തീയതികളില്‍ സിവിൽ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുമെന്ന്‌ ജില്ലാ തിരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ വി.ആർ. വിനോദ് അറിയിച്ചു.‍

സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന് നേരിട്ടും ജില്ലാ തിരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥന്‍ മുഖേനയും ആക്ഷേപങ്ങള്‍ സമര്‍പ്പിച്ച പരാതിക്കാരെ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ നേരില്‍ കേള്‍ക്കും. കരട്‌ വാര്‍ഡ്‌/നിയോജകമണ്ഡല വിഭജന നിര്‍ദ്ദേശങ്ങളിന്മേല്‍ നിശ്ചിത സമയ പരിധിക്ക്‌ മുമ്പായി ആക്ഷേപങ്ങള്‍/ അഭിപ്രായങ്ങള്‍ സമര്‍പ്പിച്ചവരെ മാത്രമേ ഹിയറിങില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളു. മാസ്‌ പെറ്റീഷന്‍ നല്‍കിയവരില്‍ നിന്നും ഒരു പ്രതിനിധിയെ മാത്രമേ ഹിയറിംഗില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളു. അപേക്ഷ സര്‍പ്പിച്ച സമയത്ത് നല്‍കിയ കൈപ്പറ്റ് രസീത്/ രസീത് നമ്പര്‍ ഹിയറിങിന് വരുന്നവരുടെ കൈവശം ഉണ്ടായിരിക്കണം. ശേഷം പരാതികള്‍ വിശദമായി പരിശോധിച്ച്‌ കമ്മീഷന്‍ അന്തിമ വാര്‍ഡ്‌ വിഭജന വിജ്ഞാപനം പുറപ്പെടുവിക്കും.

ആകെ 2840 പരാതികളാണ് ജില്ലയിൽ നിന്ന് കമ്മീഷൻ്റെ പരിഗണനയിലുള്ളത്. ഫെബ്രുവരി 5 ന് രാവിലെ 9 മുതൽ കൊണ്ടോട്ടി, കുറ്റിപ്പുറം, മങ്കട ബ്ലോക്കുകളിലെ പഞ്ചായത്തുകളിലെയും കൊണ്ടോട്ടി നഗരസഭയിലെയും പരാതികൾ കേൾക്കും. തിരൂർ ബോക്കിലെ തിരുനാവായ, കാളികാവ് ബ്ലോക്കിലെ കരുളായി പഞ്ചായത്തുകളിലെയും പരാതികൾ ഈ സമയത്ത് പരിഗണിക്കും. രാവിലെ 11 ന് അരീക്കോട്, കാളികാവ് ബ്ലോക്കുകളിലെ പഞ്ചായത്തുകളിലെയും ഉച്ചയ്ക്ക് ശേഷം 2 ന് നിലമ്പൂർ, പെരുമ്പടപ്പ്, പൊന്നാനി, ബ്ലോക്കുകളിലുള്ള പഞ്ചായത്തുകളിലെയും നിലമ്പൂർ , മഞ്ചേരി, കോട്ടക്കൽ, വളാഞ്ചേരി, പൊന്നാനി നഗരസഭകളിലെയും പരാതികൾ കേൾക്കും.

2nd paragraph

ഫെബ്രുവരി 6 ന് രാവിലെ 9 ന് മലപ്പുറം, താനൂർ ബ്ലോക്കുകളിലെ പഞ്ചായത്തുകൾ, മലപ്പൂറം, താനൂർ നഗരസഭകൾ, രാവിലെ 11 ന് പെരിന്തൽമണ്ണ, തിരൂർ ബ്ലോക്കുകളിലെ പഞ്ചായത്തുകൾ, പെരിന്തൽമണ്ണ, തിരൂർ നഗരസഭകൾ, ഉച്ചയ്ക്ക് ശേഷം 2 ന് തിരൂരങ്ങാടി, വേങ്ങര, വണ്ടൂർ ബ്ലോക്കുകളിലെ പഞ്ചായത്തുകൾ, തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകൾ എന്നിവിടങ്ങളിലെ പരാതികളിൽ ഹിയറിങ് നടക്കും.