സ്വന്തം ലേഖകൻ
വ്യായാമ കൂട്ടായ്മയെ ലക്ഷ്യമിട്ട് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ പ്രസ്താവന വിവാദമായതോടെ മുസ്ലീം സംഘടനാ- രാഷ്ട്രീയ സമവാക്യങ്ങളിലും പുതിയ വഴിത്തിരിവുകൾ രൂപപ്പെട്ടിരിക്കുകയാണ്.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ കാന്തപുരത്തിന് എതിരെ വിമർശം ഉന്നയിച്ചതിനു പിന്നാലെയാണ് പുതിയ സമവാക്യത്തിന് കളമൊരുങ്ങിയത്. മുൻകാലങ്ങളിൽ കാണാത്ത മുസ്ലീം സംഘടനാ ഐക്യവും ഏകീകരണവും കാന്തപുരത്തിൻ്റെ വിഷയത്തിൽ ഉണ്ടായെന്നതാണ് പ്രത്യേകത.
മുസ്ലീം ലീഗും സമസ്ത ഇകെ വിഭാഗം നേതാക്കളും മുജാഹിദ് നേതാക്കളും കാന്തപുരത്തിന് പിന്തുണയുമായി രംഗത്ത് വന്നു. ഇതോടെ വിമർശനം ഉന്നയിച്ച ഗോവിന്ദൻ മാസ്റ്റർക്കെതിരെ കാന്തപുരം കടുത്ത വിമർശനവുമായെത്തി. കണ്ണൂരിൽ സി പി എമ്മിന് എത്ര വനിതാ ഏരിയാ സെക്രട്ടറിമാർ ഉണ്ടെന്നുള്ള പരിഹാസത്തോടെ യുള്ള വിമർശനം അക്ഷരാർത്ഥത്തിൽ സി പി എമ്മിന് കൊണ്ടു.
ഇതോടെ വീണ്ടും വിവാദത്തിനും ചർച്ചകൾക്കും ചൂടുപിടിച്ചു. നഷ്ടപ്പെട്ട ഭൂരിപക്ഷ , ഈഴവ വേട്ടുകൾ തിരിച്ചു പിടിക്കാനുള്ള സി പി എമ്മിൻ്റെ ബോധപൂർവ്വമായ നീക്കമായാണ് കാന്തപുരത്തിന് എതിരെയുള്ള വിമർശനത്തിലൂടെ പാർട്ടി ലക്ഷ്യം വെക്കുന്നത്. എന്നാൽ വരാനിരിക്കുന്ന തദ്ദേശ , നിയമസഭാ തെരഞ്ഞെടുപ്പിൽ മലബാറിൽ വലിയ ഓളം ഉണ്ടാക്കിയേക്കാവുന്ന സമവാക്യങ്ങൾക്കാണ് ഇത് തിരികൊളുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലും ഇതിൻ്റെ അലയൊലികൾ ഉണ്ടാകും.
മുസ്ലിം ലീഗ് നേതാവ് പി.എം എ സലാം , സമസ്ത ഇ.കെ വിഭാഗം നേതാക്കളായ ജിഫ്രി മുത്തുക്കോയ തങ്ങൾ, നാസർ ഫൈസി കൂടത്തായി, സത്താർ പന്തല്ലൂർ, മുജാഹിദ് നേതാവ് ഡോ. ഹുസൈൻ മടവൂർ തുടങ്ങിയ നേതാക്കളായിരുന്നു കാന്തപുരത്തെ പിന്തുണച്ച് രംഗത്തെത്തിയത്.
സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കുമെന്നായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന. യാഥാസ്ഥിതികരെന്ന് വിമർശിച്ചാലും പ്രശ്നമില്ല. ലോകം തിരിയാത്തത് കൊണ്ട് പറയുന്നതുമല്ല. നന്നായി മനസിലാക്കിയാണ് ഇക്കാര്യം പറയുന്നതെന്നുമാണ് കാന്തപുരം പറഞ്ഞിരുന്നത്.
ഇസ്ലാമിലെ സ്ത്രീകളും പുരുഷന്മാരും എങ്ങിനെ ജീവിക്കണമെന്ന് ഇസ്ലാമിക പണ്ഡിതന്മാർ പറയുമെന്ന് നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി. ഭരണഘടന നൽകുന്ന അവകാശത്തിനകത്ത് നിന്ന് മതനിർദേശങ്ങൾ പണ്ഡിതന്മാർ പറയുമെന്നും അവ സ്വീകരിക്കുന്നവർക്ക് മാത്രമേ അത് ബാധകമാകൂ എന്നുമായിരുന്നു നാസർ ഫൈസി കൂടത്തായിയുടെ നിലപാട്. മതകാര്യങ്ങളിൽ മതപണ്ഡിതന്മാർ മതവിശ്വാസികളെ ഉപദേശിക്കും, ആ ഉപദേശത്തെ മോശമായി ചിത്രീകരിക്കുന്നത് ആർക്കും ഭൂഷണമല്ലെന്നായിരുന്നു സത്താർ പന്തല്ലൂരിൻ്റെ പ്രതികരണം. മതപണ്ഡിതന്മാർ വിശ്വാസികളെ ഉപദേശിക്കുമ്പോൾ അതിനെ അടച്ചാക്ഷേപിച്ചാൽ ഇക്കാര്യത്തിൽ മുസ്ലിം സമുദായം ഒറ്റക്കെട്ടായിരിക്കുമെന്നും സത്താർ പന്തല്ലൂർ വ്യക്തമാക്കി.
സ്ത്രീകൾ പൊതുയിടങ്ങളിൽ ഇറങ്ങരുതെന്ന് പറയുന്നത് പിന്തിരിപ്പൻ നിലപാടാണെന്നും അത്തരക്കാർക്ക് പിടിച്ചുനിൽക്കാനാവില്ലെന്നും പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകേണ്ടി വരുമെന്നുമായിരുന്നു കാന്തപുരത്തിൻ്റെ നിലപാടിനോടുള്ള എം വി ഗോവിന്ദൻ്റെ വിമർശനം. എന്നാൽ സിപിഐഎം സ്വീകരിക്കുന്ന സ്ത്രീപക്ഷ നിലപാടിലെ വൈരുധ്യം ചൂണ്ടിക്കാണിച്ചായിരുന്നു കാന്തപുരം എം വി ഗോവിന്ദന് മറുപടി നൽകിയത്.
ഇടക്കൊക്കെ മാറി മറയാറുണ്ടെങ്കിലും എക്കാലവും ഇടതുപക്ഷവുമായും സി പി എമ്മുമായും ചേർന്ന് നിൽക്കുന്നവരാണ് എ.പി സുന്നികൾ. ഈയിടെയായി പല സർക്കാർ നിലപാടുകൾക്കെതിരെ എ.പി സമസ്ത നേതാക്കൾ പരസ്യ വിമർശനം ഉയർന്നിരുന്നു. പുതിയ സാഹചര്യത്തിൽ സി പി എം – എ.പി സുന്നി ബന്ധത്തിനു കൂടി വിള്ളൽ വന്നിരിക്കുകയാണ്.