വൻ മയക്കുമരുന്ന് വേട്ട; കൊക്കെയ്നും ഹെറോയിനും ഹാഷിഷുമടക്കം 18 കിലോ ലഹരിമരുന്ന് പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തില്‍ വൻ ലഹരിമരുന്ന് വേട്ട. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ലഹരി മരുന്ന് കേസുകളില്‍ 21 പേരെയാണ് അറസ്റ്റ് ചെയ്തത്.17 കേസുകളിലായാണ് ഇത്രയും പേരെ പിടികൂടിയത്. 18 കിലോ ലഹരിമരുന്നാണ് പിടികൂടിയത്.

ക്രിമിനല്‍ സെക്യൂരിറ്റി സെക്ടർ, ജനറല്‍ ഡിപ്പാർട്ട്മെന്‍റ് ഫോർ കോംബാറ്റിങ് നാർക്കോട്ടിക്സ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്. പിടിയിലായവരില്‍ നിന്ന് 6.213 കിലോഗ്രാം ഹാഷിഷ്, 8.16 കിലോഗ്രാം കഞ്ചാവ്, 3.11 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത്, 153 ഗ്രാം കൊക്കെയ്ൻ, 10 ഗ്രാം ഹെറോയിൻ, 12,042 ലൈറിക്ക കാപ്സ്യൂളുകള്‍, 400 കാപ്റ്റഗണ്‍ ഗുളികകള്‍, 147 സൈക്കോട്രോപിക് ഗുളികകള്‍ എന്നിവ പിടിച്ചെടുത്തു. ഇതിന് പുറമെ , ഒമ്ബത് വെടിയുണ്ടകള്‍, ലഹരിമരുന്ന് വില്‍പനയില്‍ നിന്ന് ലഭിച്ചതായി സംശയിക്കുന്ന 20,825 ദിനാര്‍ പണം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കളും പ്രതികളെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.