വീണ്ടും മഴ, 30ന് രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഈ മാസം 30ന് രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് 10 ജില്ലകളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്.

ഇന്നും നാളെയും ഒരു ജില്ലയിലും മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. 28ന് തിരുവനന്തപുരത്തും കൊല്ലത്തും നേരിയതോ മിതമായതോ ആയ അളവില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ജനുവരി 29ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മിതമായ മഴ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

ഇന്ന് തെക്കൻ ആൻഡമാൻ കടല്‍, അതിനോട് ചേർന്ന മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം, തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേർന്ന മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും അറിയിപ്പുണ്ട്. എന്നാല്‍ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.