പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് പിടിയില്‍. പോത്തുണ്ടിയില്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ മട്ടായി മേഖലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഇക്കാര്യം പൊലീസ് ആസ്ഥാനത്ത് നിന്ന് സ്ഥിരീകരിച്ചു. ഇയാളെ പോത്തുണ്ടി മലയില്‍ നിന്നാണ് പിടികൂടിയത്. ഇന്ന് തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങിയ ശേഷമാണ് പിടിയിലായത്. പൊലീസ് പിന്‍വാങ്ങിയ ശേഷം പലയിടത്തായി രണ്ട് വീതം പൊലീസുകാരെ വിന്യസിച്ചിരുന്നു. ഒളിച്ചിരുന്ന ചെന്താമര പുറത്തിറങ്ങിയ ഉടന്‍ ഇയാള്‍ പൊലീസിന്റെ വലയിലാവുകയായിരുന്നു. പോത്തുണ്ടി മലയില്‍ നിന്നും പ്രതിയെ നെന്മാറ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുമെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനേയും അമ്മ മീനാക്ഷിയേയും അയല്‍വാസിയായ ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന മീനാക്ഷിയേയും ചെന്താമര വെട്ടി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.