അമിത ഭാരം കയറ്റി റോഡിലൂടെ ടോറസ് ലോറി പാഞ്ഞു; വാഹന ഉടമയ്ക്കും ഡ്രൈവര്‍ക്കും കനത്ത പിഴയിട്ട് കോടതി

കൊച്ചി: അമിത ഭാരം കയറ്റിയ കേസില്‍ വാഹന ഉടമയ്ക്കും ഡ്രൈവർക്കും പിഴയിട്ട് കോടതി. ഇരുവരും 56,000 രൂപ വീതം പിഴ അടക്കാൻ കോടതി ഉത്തരവിട്ടു.മൂവാറ്റുപുഴ ഓഫീസിലെ മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറായ ഫെനില്‍ ജെയിംസ് 2023 ജൂണില്‍ കോടതിയില്‍ നല്‍കിയ കേസിലാണ് എറണാകുളം സ്പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മേരി ബിന്ദു ഫെർണാണ്ടസ് 112000 രൂപ പിഴ അടക്കാൻ ഉത്തരവിട്ടത്. പിഴ അടക്കാത്ത പക്ഷം ആറുമാസം തടവിനും വിധിച്ചിട്ടുണ്ട്.

ഡ്രൈവറും വാഹന ഉടമയും 56,000 രൂപ വീതം പിഴ അടയ്ക്കണം. 2022 നവംബർ 16 നാണ് കേസിനാസ്പദമായ സംഭവം. മൂവാറ്റുപ്പുഴ ആർ.ടി.ഒയുടെ നിർദ്ദേശ പ്രകാരം അമിതഭാരം കയറ്റിയ വാഹനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശോധനയില്‍ വാഹനം നിറയെ എം സാൻഡ് കയറ്റി വന്ന ടോറസ് ടിപ്പർ ലോറി പിടികൂടുകയായിരുന്നു. വാഹനത്തില്‍ അനുവദിച്ചിട്ടുള്ളതിനേക്കാളും 18 ടണ്‍ അധിക ലോഡ് കയറ്റിയിട്ടുണ്ട് എന്ന് പരിശോധനയില്‍ വ്യക്തമായി.

തുടര്‍ന്ന് വാഹനം ഉടമയ്ക്കും ഡ്രൈവർക്കും 37000 രൂപ കോമ്ബൗണ്ടിങ് ഫീസ് അടച്ച്‌ അമിതഭാരം ഇറക്കി യാത്ര തുടരാൻ നിർദ്ദേശവും നല്‍കി. എന്നാല്‍, വാഹന ഉടമയും ഡ്രൈവറും നിർദ്ദേശം പാലിക്കാതെ വാഹനം എടുത്തുകൊണ്ടുപോയി. മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫീസില്‍ 37000 രൂപ ഫീസ് അടയ്ക്കാൻ വീണ്ടും നിര്‍ദേശം നല്‍കിയെങ്കിലും കോടതിയില്‍ നേരിടാൻ തയ്യാറാണ് എന്ന നിലപാടാണ് വാഹന ഉടമ സ്വീകരിച്ചത്. തുടർന്ന് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. മോട്ടോർ വാഹന വകുപ്പിന് വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ സുമി പി ബേബി ഹാജരായി. എതിർകക്ഷിക്ക് വേണ്ടി കേരള ടിപ്പർ ടോറസ് അസോസിയേഷൻ ലീഗല്‍ അഡ്വൈസർ അഡ്വ.കെ എം മിനിമോള്‍ ഹാജരായി.