ചോറ്റാനിക്കരയില്‍ പോക്‌സോ അതിജീവിതയായ 19കാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം ക്രൂരകുറ്റകൃത്യമെന്ന് പുത്തന്‍കുരിശ് ഡിവൈഎസ്പി വി ടി ഷാജന്‍. സംഭവം കൊലപാതക ശ്രമം ആണോ എന്നുള്ള കാര്യങ്ങള്‍ അന്വേഷിക്കും.കേസില്‍ തലയോലപറമ്പ് സ്വദേശിയായ ആണ്‍ സുഹൃത്ത് കസ്റ്റഡിയിലായിട്ടുണ്ടെന്നും ഡിവൈഎസ്പി വി ടി ഷാജന്‍ വ്യക്തമാക്കി.
ശനിയാഴ്ച രാത്രി 10.15 ഓടെയാണ് ആണ്‍ സുഹൃത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്. പെണ്‍കുട്ടിയുമായി തര്‍ക്കിച്ചത്തിന് പിന്നാലെ യുവാവ് അതിരൂക്ഷമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി ഷാള്‍ കുരുക്കി ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് യുവാവിന്റെ മൊഴി. ഷാള്‍ മുറിച്ചിട്ട ശേഷം താന്‍ രക്ഷപ്പെട്ടുവെന്നും ആണ്‍ സുഹൃത്ത് പൊലീസിനോട് പറഞ്ഞു.
പിടിയിലായ ആണ്‍ സുഹൃത്ത് ലഹരി കേസില്‍ അടക്കംപ്രതിയാണ്. ഇയാള്‍ വീട്ടില്‍ വരുന്നതില്‍ പെണ്‍കുട്ടിയുടെ അമ്മ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പ്രതിയുടെ അറസ്റ്റടക്കമുള്ള നടപടികള്‍ മൊഴി പരിശോധിച്ച ശേഷമായിരിക്കും ഉണ്ടാകുകയെന്ന് പുത്തന്‍കുരിശ് ഡിവൈഎസ്പി വി ടി ഷാജന്‍ വ്യക്തമാക്കി.
അതേസമയം, തലച്ചോറിന് പരുക്കേറ്റ അതിജീവിത എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുന്ന യുവാക്കള്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസില്‍ പരാതിയുണ്ട്. മകളുടെ ആണ്‍സുഹൃത്തിന്റെ ആക്രമണം ഭയന്നാണ് വീട് മാറിയത്. എന്നെ ഉപദ്രവിക്കും എന്ന പേടിയുണ്ടായിരുന്നു. ഒരു മാസമായി മാറി താമസിക്കുകയാണ്. ബന്ധു വഴിയാണ് മകളുടെ വിവരം അറിയുന്നതെന്ന് അമ്മ പറഞ്ഞു. നേരത്തെ ഉണ്ടായ ആക്രമണത്തില്‍ മകളുടെ മുഖത്തും ശരീരത്തിലും മുറിവുകള്‍ ഉണ്ടായിരുന്നു. ഇത് കണ്ട് ചോദ്യം ചെയ്തപ്പോള്‍ വീണ് മുറിവുണ്ടായതാണെന്ന് പറഞ്ഞു. ഈ ബന്ധം അവസാനിപ്പിക്കാന്‍ മകളോട് പല തവണ പറഞ്ഞു. പല തവണ വിലക്കിയിട്ടും ആണ്‍സുഹൃത്ത് വീട്ടില്‍ എത്തിയെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.