തിരുവനന്തപുരം ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുകാരുടേത് പരസ്പര ബന്ധമില്ലാത്ത മൊഴിയെന്ന് പൊലീസ്. രണ്ട് ദിവസം മുന്‍പ് ഇതേ വീട്ടുകാര്‍ 30 ലക്ഷം നഷ്ടപ്പെട്ടെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്നും സമാനമായ നിലയില്‍ പരസ്പര ബന്ധമില്ലാത്ത മൊഴിയായതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല. കുഞ്ഞിന്റേത് കൊലപാതകമെന്ന് ഉറപ്പിച്ച പൊലീസ് നാല് പേരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കളെയും അമ്മയുടെ അമ്മയെയും സഹോദരനെയുമാണ് ചോദ്യം ചെയ്യുന്നത്.
ബാലരാമപുരത്ത് ശ്രീതു – ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു എന്ന രണ്ടു വയസ്സുകാരിയാണ് മരിച്ചത്. ശ്രീതുവിന്റെ അച്ഛന് 16 ദിവസം മുന്‍പാണ് മരിച്ചത്. ഇതിന് ശേഷമാണ് വീട്ടുകാര്‍ 30 ലക്ഷം രൂപ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ശ്രീതുവും ശ്രീജിത്തും ശ്രീതുവിന്റെ സഹോദരനും അടക്കം ഇപ്പോള്‍ പൊലീസ് സ്റ്റേഷനിലുണ്ടെന്നാണ് വിവരം.
കുഞ്ഞ് തന്റെ കൂടെയാണ് കിടന്നതെന്നാണ് ശ്രീതുവിന്റെ മൊഴി. പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ അച്ഛന്റെ കൂടെ കിടത്തിയതിനുശേഷം താന്‍ എഴുന്നേറ്റുപോയെന്നും തിരികെ വന്നപ്പോള്‍ കുഞ്ഞിനെ കണ്ടില്ലെന്നും അമ്മയുടെ മൊഴിയില്‍ പറയുന്നു. എന്നാല്‍ കുഞ്ഞ് തന്റെ കൂടെയല്ല കിടന്നതെന്ന് അച്ഛന് മൊഴി നല്കി. അമ്മാവന്റെ കൂടെയാണ് കുഞ്ഞ് കിടന്നതെന്നും അച്ഛന്റെ മൊഴിയില്‍ ആരോപിക്കുന്നു. ഇക്കാര്യം അമ്മാവന് നിഷേധിച്ചു. കട്ടില് കത്തിയപ്പോഴാണ് എഴുന്നേറ്റതെന്നും എങ്ങനെ കത്തിയെന്ന് അറിയില്ലെന്നുമാണ് അമ്മാവന്റെ മൊഴി. കുഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പമാണ് കിടന്നത് എന്ന് മുത്തശ്ശി പറയുന്നു.
ബാലരാമപുരത്ത് കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സംഭവം നടന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന കുടുംബമാണിതെന്ന് നാട്ടുകാര്‍ പറയുന്നു. കൊല്ലപ്പെട്ട കുഞ്ഞിന്റെ മുത്തശി നേരത്തെ രണ്ട് വട്ടം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇവര്‍ ഞരമ്പ് മുറിക്കുകയും കിണറ്റില്‍ ചാടുകയും ചെയ്തുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ശ്രീതുവും ശ്രീജിത്തും അകന്നുകഴിയുകയായിരുന്നുവെന്നും ശ്രീതുവിന്റെ അച്ഛന്റെ മരണത്തെ തുടര്‍ന്നാണ് ശ്രീജിത്ത് ഈ വീട്ടിലേക്ക് വന്നതെന്നുമാണ് വിവരം.
ഇന്ന് രാവിലെയാണ് കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ബാലരാമപുരം പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പുലര്‍ച്ചെ ഇവരുടെ വീട്ടില്‍ തീപിടിത്തമുണ്ടായിരുന്നു. ശ്രീതുവിന്റെ സഹോദരന്റെ മുറിയിലാണ് തീപിടിത്തമുണ്ടായത്. ഇതിന് ശേഷമാണ് കുഞ്ഞിനെ കാണാതായത്. തന്റെ സഹോദരന്റെ മുറിയിലാണ് കുഞ്ഞുണ്ടായിരുന്നതെന്നും പുലര്‍ച്ചെ അഞ്ചരയോടെ താന്‍ ശുചിമുറിയിലേക്ക് പോയപ്പോള്‍ കുഞ്ഞിന്റെ കരച്ചില് കേട്ടെന്നും ശ്രീതു പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.