ലുലുമാള്‍ ഉള്‍പ്പടെ തിരൂരില്‍ ഉയരുന്നത് ഒട്ടനവധി വാണിജ്യ സമുച്ചയങ്ങള്‍; കുറഞ്ഞകാലയളവിനുള്ളില്‍ കച്ചവട രംഗത്ത് ഏറ്റവും കൂടുതല്‍ വികസനക്കുതിപ്പിന് തുടക്കമിട്ട് നഗരം
സ്വന്തം ലേഖകന്‍
തിരൂര്‍: കുറഞ്ഞകാലയളവിനുള്ളില്‍ ഒട്ടേറെ വാണിജ്യ സമുച്ചയങ്ങളും ഷോപ്പിംങ് മാളുകളുമാണ് തിരൂരില്‍ യാഥാര്‍ത്ഥ്യമാകാനിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാണിജ്യ രംഗത്ത് ഇത്രയേറെ വികസനക്കുതിപ്പുണ്ടായ നഗരം ജില്ലയില്‍ മറ്റൊന്നുണ്ടായിട്ടില്ല. 2024ന്റെ അവസാനത്തോടെയാണ് മുന്‍നിര കമ്പനികളും സ്ഥാപനങ്ങളും തിരൂരില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്നോണം നിരവധി സ്ഥാപനങ്ങള്‍ നിര്‍മ്മാണ ഘട്ടത്തിലുമാണിപ്പോള്‍.
ഇതില്‍ ജില്ല ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലുലു മാള്‍ ഉള്‍പ്പടെ മിനുക്കു പണിയിലാണ്. തിരൂര്‍ – ചമ്രവട്ടം, കുറ്റിപ്പുറം റൂട്ടിലെ പൊറ്റത്തപ്പടിയിലാണ് നിര്‍മ്മാണം പുരോഗമിക്കുന്ന ലുലു സ്ഥിതി ചെയ്യുന്നത്. മുഴുവന്‍ സ്ട്രക്ചറുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കി പെയ്ന്റിങ്ങും അനുബന്ധ സജ്ജീകരണങ്ങളും ലുലുവില്‍ പുരോഗമിച്ചു വരികയാണിപ്പോള്‍. മൂന്ന് ലക്ഷത്തോളം സ്‌ക്വയര്‍ ഫീറ്റില്‍ ഒരുങ്ങുന്ന ലുലുവില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ , ഷോപ്പിംഗ് ഔട്ട്ലെറ്റുകള്‍ , ഫുഡ് കോര്‍ട്ട്, തിയേറ്റര്‍ തുടങ്ങിയ വിസ്മയങ്ങളാണ് ഒരുങ്ങുന്നത്.
തിരൂരിന് പുറമെ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും ലുലു ഷോപ്പിംഗ് മാളിന് തുടക്കമിട്ടിട്ടുണ്ട്.
തിരൂരില്‍ ലുലുവിന് സമീപത്തായാണ് നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. മുന്‍നിര സ്ഥാപനങ്ങളായ ശീമാട്ടി, സൂഡിയോ, ട്രെന്‍ഡ്‌സ്, മാക്‌സ്, നന്ദിലത്ത് , ഗോകുലം, അല്‍ റൈഖ തുടങ്ങിയ ഗ്രൂപ്പുകള്‍ വ്യത്യസ്തമായ സംരംഭങ്ങളുമായാണ് തിരൂരില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഫോര്‍സ്റ്റാര്‍ ഫെസിലിറ്റി ഉള്‍പ്പടെയുള്ള പത്തിലധികം ഹോട്ടല്‍, റസ്റ്റോറന്റ് സമുച്ചയങ്ങളും യാഥാര്‍ത്ഥ്യമായിട്ടുണ്ട്. പലതും പണിപ്പുരയിലാണ്. ഫാമിലി വെഡ്ഡിംങ്, അജ്ഫാന്‍, എ.എ.കെ, മൈ ജി, ജപ്പാന്‍ സ്‌ക്വയര്‍,സീനത്ത്, അഡ്രസ്സ്, ലീ കൂപ്പര്‍, ബാസിത്, മയൂരി, ജുവലറി രംഗത്തെ പ്രമുഖരായ മെജസ്റ്റിക്, മലബാര്‍ തുടങ്ങിയ വമ്പന്‍ ഷോപ്പിംങ് സമുച്ചയങ്ങളും നേരത്തെ തിരൂരില്‍ ഇടം പിടിച്ചവരാണ്.
വിവിധ മോട്ടോര്‍ വാഹന കമ്പനികളും ഫര്‍ണിച്ചര്‍, ഗൃഹോപകരണ ഷോറൂമുകളും ഇടം പിടിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക്കല്‍, മൊബൈല്‍ ഫോണ്‍, ടോയിസ് തുടങ്ങിയവയുടെ മൊത്ത വ്യാപാര കേന്ദ്രമായ തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റ് നേരത്തെ തന്നെ പ്രസിദ്ധമാണ്. കുറഞ്ഞ കാലയളവില്‍ കൂടുതല്‍ മുന്‍ നിര സംരംഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നഗരമായി മാറിയിരിക്കുകയാണ് തിരൂര്‍.
മാറ്റം ഏറെ പ്രതീക്ഷയോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും മികച്ച ഉപഭോക്തൃ സംസ്‌കാരം വളര്‍ത്താനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ഭാഷാപിതാവിന്റെ മണ്ണില്‍ വാണിജ്യ മേഖലക്ക് പുതുപ്രതീക്ഷയാണ് നല്‍കുന്നത്.