അന്ധവിശ്വാസമോ, അവിഹിതമോ..? ശ്രീതുവുമായി വഴിവിട്ട ബന്ധങ്ങള്‍ക്ക് ഹരികുമാര്‍ ശ്രമിച്ചെന്ന് പൊലീസ് ; തൊട്ടടുത്ത മുറികളില്‍ കഴിയുമ്പോഴും വാട്‌സാപ്പ് വീഡിയോ കോളുകള്‍; കുഞ്ഞിന്റെ കൊലപാതകത്തില്‍ സംശയങ്ങള്‍ബാക്കി

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ സംശയങ്ങളുടെ നിഴലില്‍ തപ്പുകയാണ് പൊലീസ്. ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറയാത്തതും നിരവധികാര്യങ്ങള്‍ പ്രതി മറച്ചുവെക്കുന്നതുമാണ് പൊലീസിന് വെല്ലുവിളി. വാടകക്ക് താമസിക്കുന്ന ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവാണ് കൊല്ലപ്പെട്ടത്. ശ്രീജുവിന്റെ അനുജന്‍ ഹരികുമാറാണ് (25) കുഞ്ഞിനെ കൊലപ്പെടുത്തിയത്.
ഹരികുമാറിന് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ശ്രീതുവുമായും വഴിവിട്ട ബന്ധത്തിന് ഇയാള്‍ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. ഹരികുമാറിന്റെയും ശ്രീതുവിന്റെയും പെരുമാറ്റവും മൊഴികളിലെ വൈരുദ്ധ്യവും തിരിച്ചറിഞ്ഞ പൊലീസ് ഇരുനവരുടെയും വാട്‌സ് ആപ്പ് ചാറ്റുകള്‍ പരിശോധിച്ചു. തൊട്ടടുത്ത മുറികളിലായിരുന്നിട്ടും ഇരുവരും വാട്‌സ് ആപ്പ് വീഡിയോകോളുകള്‍ പതിവായി ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി.
കുട്ടി തന്റെ ആവശ്യങ്ങള്‍ക്ക് തടസ്സമെന്ന് കണ്ടതോടെ കൊന്നുവെന്നാണ് ഹരികുമാറിന്റെ കുറ്റസമ്മതം. ഇയാള്‍ പറഞ്ഞത് പൂര്‍ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. അമ്മയുടെ പങ്കിലടക്കം പൊലീസിന് സംശയങ്ങുണ്ട്. അമ്മയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുമെന്ന് പൊലീസ് പറയുന്നു.
അതേസമയം കുടുംബത്തിന് ചില അന്ധവിശ്വാസങ്ങള്‍ ഉള്ളതായി സംശയിക്കുന്നു. ശ്രീതുവിനും കുടുംബത്തിനും സാമ്പത്തിക ബാധ്യത മാറുന്നതിന് പൂജകള്‍ നടത്തുന്നതിനും മറ്റും ഹരികുമാറിനെ ഏര്‍പ്പെടുത്തിയിരുന്നു. ആഭിചാര കൃയകളുമായി ബന്ധമുണ്ടോയെന്നും പൊലീസ് സംശയിക്കുന്നു. ഇളയ കുഞ്ഞ് ജനിച്ചതിനും ശേഷമാണ് കുടുംബത്തിന് കടബാധ്യത വന്നു ചേര്‍ന്നതെന്ന് ഹരികുമാര്‍ വിശ്വസിച്ചിരുന്നു. ഇതെല്ലാം പൊലീസ് പരിശോധിച്ചു വരികയാണ്.
ശ്രീതു മത പഠന ക്ലാസുകളെടുക്കാറുണ്ട്. ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയാരുനു ഹരികുമാര്‍. ഈ പൂജാരിയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഹരികുമാര്‍ പല സ്ത്രീ പ്രശ്‌നങ്ങളില്‍ കുരുങ്ങിയപ്പോള്‍ രക്ഷിച്ചുവെന്നാണ് ശ്രീതു പൊലീസിന് നല്‍കിയ മൊഴി. അതിന് ശേഷമാണ് തന്നോട് അതിക്രമം കാണിച്ചു തുടങ്ങിയതെന്നും ശ്രീതു പറയുന്നു.
സുഹൃത്തായ കരിക്കകം സ്വദേശി 30 ലക്ഷം തട്ടിയെടുത്തുവെന്നും ശ്രീതു പൊലീസിനോട് പറഞ്ഞു. വീട് വാങ്ങാന്‍ കൈമാറിയ പണമാണ് തട്ടിയെടുത്തതെന്നാണ് മൊഴി. അതേസമയം, സംഭവത്തില്‍ അറസ്റ്റിലായ കുട്ടിയുടെ അമ്മാവന്‍ ഹരികുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഹരികുമാര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഭക്ഷണം കഴിക്കുകയോ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയോ ചെയ്യുന്നില്ല. നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുവെന്നാണ് പൊലീസിനോട് ഹരികുമാറിന്റെ മറുപടി. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്.
കുഞ്ഞിന്റെ മാതാപിതാക്കളായ ശ്രീതുവിനെയും ശ്രീജിത്തിനെയും പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ പൂജപ്പുരയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. ഹരികുമാറിന്റെ അമ്മയുടെയും മൂത്ത കുട്ടിയുടെയും മൊഴിയും പൊലീസ് ശേഖരിക്കുന്നുണ്ട്. മൂത്ത കുട്ടിയെയും ഹരികുമാര്‍ പല പ്രാവശ്യം ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ ഇളയമകള്‍ രണ്ടുവയസ്സുകാരി ദേവേന്ദുവിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കിട്ടിയത്. അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പം രാത്രി ഉറങ്ങാന്‍ കിടന്ന ദേവേന്ദുവിനെ കാണാനില്ലെന്നായിരുന്നു ആദ്യ വിവരങ്ങള്‍. ഫയര്‍ഫോഴസാണ് കുഞ്ഞിന്റെ മൃതേദഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. തുടക്കം മുതല്‍ തന്നെ കൊലപാതകമെന്ന സംശയത്തിലുറച്ചാണ് പൊലീസ് നീങ്ങിയത്. പ്രാഥമിക മൊഴികളില്‍ പൊരുത്തക്കേടുകള്‍ നിറഞ്ഞതോടെയാണ് അമ്മയെയും അച്ഛനെയും മുത്തശ്ശി ശ്രീകലയെയും അമ്മയുടെ സഹോദരന്‍ ഹരികുമാറിനെയും കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലില്‍ അമ്മാവന്‍ ഹരികുമാര്‍ പൊലീസിനെ വട്ടം കറക്കി. അന്വേഷിച്ച് കണ്ടുപിടിക്കെന്നായിരുന്നു ഹരികുമാറിന്റെ പൊലീസിനോടുള്ള വെല്ലുവിളി. ശ്രീതുവും ഹരികുമാറും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് അടക്കം ശേഖരിച്ചുള്ള പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഒടുവിലായിരുന്നു കുറ്റസമ്മതം. തത്കാലത്തേക്ക് വിട്ടയച്ചെങ്കിലും ശ്രീതു സംശയനിഴലില്‍ തന്നെയാണ്.