താനൂർ – തിരൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പനമ്പാലം പാലം തുറന്നു

താനൂർ -തിരൂർ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ചു തിരൂർ പുഴയ്ക്ക് കുറുകെ നിർമാണം പൂർത്തിയാക്കിയ പനമ്പാലം പാലത്തിന്റെ ഉദ്ഘാടനവും പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. കായിക-വഖഫ്-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.
അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.

താനൂർ നിയോജക മണ്ഡലത്തിലെ പൊന്മുണ്ടം പഞ്ചായത്തിൽ മീശപ്പടി- കോട്ടിലത്തറ റോഡിന്റെയും തിരൂർ- പൊന്മുണ്ടം ബൈപ്പാസ് നാലാം റീച്ചിന്റെയും ഉദ്ഘാടനവും മീശപ്പടിയിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി നിർവഹിച്ചു.

കിഫ്ബി ഫണ്ടിൽ നിന്ന് 13.39 കോടി ചെലവഴിച്ച് നിർമിച്ച പനമ്പാലം പാലത്തിന് 104 മീറ്റർ നീളമുണ്ട്. 26 മീറ്റർ നീളത്തിലുള്ള നാല് സ്പാനുകളിലായാണ് നിർമ്മാണം. പയ്യനങ്ങാടി ഭാഗത്ത് 172 മീറ്ററും പുത്തനത്താണി ഭാഗത്ത്‌ 64 മീറ്ററും നീളമുള്ള അപ്രോച്ച് റോഡുകളുടെയും അനുബന്ധ സംരക്ഷണ ഭിത്തി, ഡ്രൈനേജ്, കലുങ്കുകൾ, പാലത്തിന്റെ പെയിന്റിംഗ്, റോഡ് ടാറിങ്, സൈൻ ബോർഡ്‌, ട്രാഫിക് സേഫ്റ്റി പ്രവൃത്തികളും അടങ്ങിയതാണ് നിർമ്മാണം. കെൽട്രോൺ മുഖേന ലൈറ്റുകൾ സ്ഥാപിക്കുന്ന 19.98 ലക്ഷം രൂപയുടെ പ്രവൃത്തിയും പൂർത്തീകരിച്ചിട്ടുണ്ട്.

ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ ഒൻപത്, പത്ത് വാർഡുകളിലൂടെ കടന്നുപോകുന്നതാണ് മീശപ്പടി- കോട്ടിലത്തറ റോഡ്. ഒന്നര കിലോമീറ്റർ നീളത്തിൽ എട്ട് മീറ്റർ വീതിയിൽ അഞ്ചു കോടി രൂപ ചെലവിലാണ് നിർമ്മാണം. നാല് മീറ്റർ വീതിയുണ്ടായിരുന്ന ഈ റോഡ് എട്ടു മീറ്റർ വീതിയിൽ നിർമ്മിക്കാൻ 74 ഭൂവുടമകൾ സൗജന്യമായി സ്ഥലം വിട്ടു നൽകിയിട്ടുണ്ട്. തിരൂർ പുഴയ്ക്ക് കുറുകെ കോട്ടിലത്തറ- മനക്കടവ് പാലം നിർമാണം പൂർത്തിയായാൽ ബംഗ്ലാം കുന്നിൽ നിന്നും തിരൂർക്കുള്ള എളുപ്പ വഴി കൂടിയാവും ഈ പാത.

ഒന്നര കിലോമീറ്റർ നീളത്തിൽ പൊൻമുണ്ടം മുതൽ ബംഗ്ലാംകുന്നുവരെയുള്ള ബൈപാസിൻ്റെ നാലാം റീച്ച് രണ്ടു കോടി ചെലവിലാണ് ബി എം ബി സി ചെയ്ത് നവീകരിച്ചത്.

ഉദ്ഘാടന ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ, താനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൈനബ ചെന്നോത്ത്, ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മൈമൂന കല്ലേരി, പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഹാജിറ കുണ്ടിൽ, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി. ടി. നാസർ, പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഉമ്മർഹാജി പോക്കാട്ട്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീദേവി പ്രാക്കുന്ന്, പൊതുമരാമത്തു വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ സി എച്ച് അബ്ദുൽ ഗഫൂർ,
പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയർ യു. പി.ജയശ്രീ,
പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, പഞ്ചായത്ത് പ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.