സൗദിയില്‍ കാണാതായ മലയാളി കുത്തേറ്റ് മരിച്ച നിലയില്‍

റിയാദ്: ഒരു ദിവസം മുമ്പ് കാണാതായ മലയാളിയെ റിയാദിലെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കെ.എം.സി.സി പ്രവര്‍ത്തകന്‍ കൂടിയായ എറണാകുളം മുവാറ്റുപുഴ സ്വദേശി ഷമീര്‍ അലിയാരെ (48) ആണ് ശുമൈസിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്. ശരീരത്തില്‍ കുത്തേറ്റ മുറിവുകളുണ്ട്.
കെ.എം.സി.സി എറണാകുളം കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗമാണ്. ഞായറാഴ്ച വൈകീട്ട് മുതല്‍ ഇദ്ദേഹത്തെ കുറിച്ച് വിവരമില്ലായിരുന്നു. ഫോണില്‍ വിളിച്ചിട്ടും കിട്ടാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ തിങ്കളാഴ്ച വൈകീട്ട് ഇദ്ദേഹം താമസിച്ചിരുന്ന റൂമില്‍ പോയി നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്.

ഇദ്ദേഹത്തിന്റെ പേരില്‍ ശുമൈസിയില്‍ രണ്ടിടത്ത് ഫ്‌ലാറ്റുകളുണ്ട്. അതിലൊന്നിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തി മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയി ലേക്ക് മാറ്റി. ആരാണ് അക്രമിച്ചതെന്നതിനെ സംബന്ധിച്ച് ഒന്നും അറിവായിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. പോസ്റ്റുമോര്‍ട്ടം അടുത്ത ദിവസം നടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ അറിയിച്ചു. റിയാദില്‍ ദീര്‍ഘകാലമായുള്ള ഷമീര്‍ വിവിധ ബിസിനസ് സംരംഭങ്ങള്‍ നടത്തുകയായിരുന്നു. അതോടൊപ്പം കെ.എം.സി.സി പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്.