ന്യൂയോര്‍ക്ക്: വൈആര്‍4 ഛിന്നഗ്രഹം ഭൂമിക്ക് ഭീഷണിയാകുമോയെന്നാണ് ശാസ്ത്ര ലോകം നിരീക്ഷിക്കുന്നത്. ഭൂമിക്ക് ഭീഷണിയാവാന്‍ സാധ്യതയുള്ള 2024 വൈആര്‍4 ഛിന്നഗ്രഹത്തെ നിരീക്ഷിക്കാന്‍ ഐക്യരാഷ്ട്രസഭയും. 2032ല്‍ ഭൂമിയില്‍ കൂട്ടിയിടിക്കാന്‍ നേരിയ സാധ്യത കല്‍പിക്കപ്പെടുന്ന ഈ ബഹിരാകാശ വസ്തു നിരീക്ഷിക്കാന്‍ യുഎസ് പ്ലാനറ്ററി ഡിഫന്‍സ് ഓര്‍ഗനൈസേഷന്‍ തീരുമാനിച്ചതായാണ് വാര്‍ത്ത. നാസ അടക്കമുള്ള ബഹിരാകാശ ഏജന്‍സികളുടെ നിരീക്ഷണവലയത്തില്‍ നിലവില്‍ ഈ ഛിന്നഗ്രഹമുണ്ട്.
2024 വൈആര്‍ 4 ഛിന്നഗ്രഹം 2032 ഡിസംബര്‍ 22ന് ഭൂമിയുമായി കൂട്ടിയിടിക്കാന്‍ 1.3 ശതമാനം സാധ്യതയാണ് നിലവില്‍ ഗവേഷകര്‍ കാണുന്നത്. ഈ ഛിന്നഗ്രഹം ഭൂമിയെ തൊട്ടുപോലും നോവിക്കാതെ കടന്നുപോകാന്‍ 99 ശതമാനം സാധ്യത യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി കണക്കാക്കുന്നു. ഈ ഛിന്നഗ്രഹത്തെ കുറിച്ച് ആശങ്കയോ ഉറക്കമില്ലായ്മയോ തനിക്കില്ലെന്ന് റോയല്‍ ആസ്‌ട്രോണമിക്കല്‍ സൊസൈറ്റിയിലെ ഡോ. റോബര്‍ട്ട് മാസ്സി വ്യക്തമാക്കി. കണക്കുകൂട്ടലുകളില്‍ കൂടുതല്‍ വ്യക്തത വരുമ്പോള്‍ ഇത്തരം ആശങ്കകള്‍ ഒഴിവാകാറാണ് പതിവ്. ഇത്തരം ബഹിരാകാശ വസ്തുക്കളെ നിരീക്ഷിക്കാന്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് കൂടുതല്‍ സാങ്കേതികവിദ്യകള്‍ നല്‍കേണ്ടതുണ്ട് എന്നും റോബര്‍ട്ട് മാസ്സി കൂട്ടിച്ചേര്‍ത്തു. അതേസമയം 2024 YR4 ഛിന്നഗ്രഹത്തിന്റെ അപകട സാധ്യത ഭൂരിഭാഗം ജ്യോതിശാസ്ത്രജ്ഞരും പൂര്‍ണമായും തള്ളുന്നുമില്ല.
ചിലിയിലെ ദൂരദര്‍ശിനിയില്‍ 2024 ഡിസംബറിലാണ് വൈആര്‍4 ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. 2024 വൈആര്‍4ന് 40നും 90നും മീറ്ററിനിടയിലാണ് വ്യാസം കണക്കാക്കുന്നത്. ടൊറീനോ ഇംപാക്ട് ഹസാര്‍ഡ് സ്‌കെയില്‍ പ്രകാരം 10ല്‍ 3 റേറ്റിംഗാണ് വൈആര്‍4 ഛിന്നഗ്രഹത്തിന് നല്‍കിയിരിക്കുന്നത്. 2032 ഡിസംബര്‍ 22ന് ഭൂമിക്ക് അപകടകരമായ നിലയില്‍ 1,06,200 കിലോമീറ്റര്‍ അടുത്തേക്ക് ഈ ഛിന്നഗ്രഹം എത്തുമെന്ന് നിലവില്‍ കണക്കാക്കുന്നു. യുഎന്നിന് പുറമെ നാസയുടെ നിയര്‍ എര്‍ത്ത് ഒബ്ജെക്റ്റ് സ്റ്റഡീസ് സെന്ററും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും 2024 വൈആര്‍4 ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്നുണ്ട്.