കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു
ബസ് ഇടിച്ച ഉടൻ ബൈക്ക് യാത്രികന്‍ തെറിച്ച് കാറിന് മുന്‍വശത്തേക്ക് വീഴുകയും ബസ് കയറിയിറങ്ങുകയുമായിരുന്നു
കോഴിക്കോട്: നഗരമധ്യത്തില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മുഹമ്മദ് സാനിഹ്(27) ആണ് മരിച്ചത്. മറ്റൊരു ബസില്‍ ഉരസി നിയന്ത്രണം വിട്ട ബസ് എതിര്‍ദിശയില്‍ നിന്നും വരുന്ന മുഹമ്മദ് സാനിഹിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. മുന്നിലുള്ള കാറിനെ മറികടക്കാനുളള ശ്രമത്തിനിടെയാണ് ബൈക്കിലിടിച്ചത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സാനിഹിനെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ബസ് ഇടിച്ചയുടന്‍ ബൈക്ക് യാത്രികന്‍ തെറിച്ച് കാറിന് മുന്‍വശത്തേക്ക് വീഴുകയും ബസ് കയറിയിറങ്ങുകയുമായിരുന്നു. തുടര്‍ന്ന് ബസ് മറിയുകയുമുണ്ടായി. ചൊവ്വാഴ്ച്ച വൈകിട്ട് നാല് മണിയോടെ കോഴിക്കോട്-മാവൂര്‍ റോഡില്‍ അരയിടത്തുപാലത്താണ് സംഭവം. പരിക്കേറ്റ ബസ് യാത്രക്കാരുള്‍പ്പെടെയുള്ളവരെ നഗരത്തിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.