കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ 96 പന്തില്‍ 87 റണ്‍സടിച്ച് ഇന്ത്യയുടെ ടോപ് സ്കോററായത് ശുഭ്മാന്‍ ഗില്ലായിരുന്നു.ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബരയില്‍ നിറം മങ്ങിയ ഗില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ധസെഞ്ചുറി നേടി ഫോമിലേക്ക് മടങ്ങിയെത്തി. ഇന്ന് ഇംഗ്ലണ്ടിനെതിരെ രണ്ടാം മത്സരത്തിനിറങ്ങുമ്ബോള്‍ ഒരു അപൂര്‍വ റെക്കോര്‍ഡിന് അരികിലാണ് ഗില്‍.
രണ്ടാം ഏകദിനത്തില്‍ 85 റണ്‍സ് കൂടി നേടിയാല്‍ ഗില്ലിന് ഏകദിന ക്രിക്കറ്റില്‍ 2500 റണ്‍സ് തികയ്ക്കാനാവും. 48 മത്സരങ്ങളില്‍ 2415 റണ്‍സാണ് നിലവില്‍ ഗില്ലിന്‍റെ പേരിലുള്ളത്. 85 റണ്‍സ് കൂടി നേടി 2500 റണ്‍സ് തികച്ചാല്‍ ലോക ക്രിക്കറ്റില്‍ 50ല്‍ താഴെ ഏകദിന മത്സരങ്ങളില്‍ 2500 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന നേട്ടം ഗില്ലിന് സ്വന്തമാവും.
നിലിവില്‍ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 2500 റണ്‍സ് തികച്ചതിന്‍റെ റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കൻ താരം ഹാഷിം ആംലയുടെ പേരിലാണ്. 53 ഏകദിനങ്ങളില്‍ നിന്നാണ് ആംല 2500 റണ്‍സ് തികച്ചത്. 2019 ജനുവരി 31ന് ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്കായി ഏകദിനങ്ങളില്‍ അരങ്ങേറിയ ഗില്‍ ഇതുവരെ കളിച്ച 48 മത്സരങ്ങളില്‍ അഞ്ച് അസെഞ്ചുറിയും 20 അര്‍ധസെഞ്ചുറികളും സ്വന്തമാക്കിയിട്ടുണ്ട്. 50ല്‍ താഴെ ഏകദിനങ്ങളില്‍ 20 അര്‍ധസെഞ്ചുറി നേടുന്ന ലോകത്തിലെ ആദ്യ ബാറ്ററുമാണ് നിലവില്‍ ഗില്‍.
ഇന്ന് വിരാട് കോലി പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയാല്‍ ആദ്യ ഏകദിനത്തില്‍ ഓപ്പണറായി ഇറങ്ങിയ യശസ്വി ജയ്സ്വാള്‍ പുറത്തിരിക്കാനാണ് സാധ്യത. യശസ്വി പുറത്തിരുന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ശുഭ്മാന്‍ ഗില്‍ ഓപ്പണറായി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ നാലു വിക്കറ്റിന് ജയിച്ച ഇന്ത്യ നിലവില്‍ പരമ്ബരയില്‍ 1-0ന് മുന്നിലാണ്.