ഇതെവിടെ ചെന്ന് നില്‍ക്കും? സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു; ഒരാഴ്ചക്കിടെ പവന് കൂടിയത് 2200 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 280 രൂപ കൂടി 63,840 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 7,980 രൂപയായി. ഒരാഴ്ചക്കിടെ മാത്രം 2,200 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിലയിലുണ്ടായത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

 

കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യമായി അറുപതിനായിരം കടന്നത്. രൂപയുടെ മൂല്യമിടിവും സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചു. ട്രംപിന്റെ താരിഫ് ഭീഷണിതന്നെയാണ് സ്വര്‍ണത്തിന്റെ കുതിപ്പിന് പിന്നില്‍. രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവാണ് ഇന്നുണ്ടായത്. രൂപയുടെ മൂല്യം 44 പൈസ ഇടിഞ്ഞു ഡോളറിനെതിരെ 87.92 എന്ന എക്കാലത്തെയും താഴന്ന നിലവാരത്തിലാണ് എത്തിയത്.

 

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

 

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.