മരണത്തിലും മാതൃകാ അധ്യാപകന്‍; രാജേഷ് മാഷിന്‍റെ ഓര്‍മകള്‍ക്ക് മരണമില്ല, ഒരുപാട് കാലം ജീവിക്കും; 4 പേര്‍ക്ക് പുതുജീവൻ

തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അധ്യാപകന്‍റെ അവയവങ്ങള്‍ നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കും.അമൃത എച്ച്‌ എസ് എസ് പാരിപ്പള്ളിയിലെ അധ്യാപകനായ ആര്‍ രാജേഷിന്റെ (52) അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേര്‍ക്ക് ദാനം ചെയ്തത്. രണ്ട് വൃക്ക, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനും മറ്റൊന്ന് കിംസ് ആശുപത്രിക്കുമാണ് നല്‍കിയത്. നേത്രപടലം തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിക്ക് നല്‍കി. തീവ്ര ദു:ഖത്തിനിടയിലും അവയവ ദാനത്തിന് സന്നദ്ധരായ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം വര്‍ക്കല തോപ്പുവിള കുരക്കണ്ണി മുണ്ടേയ്ല്‍ സ്വദേശിയായ ആര്‍ രാജേഷിനെ തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ ഫെബ്രുവരി എട്ടിന് പ്രവേശിപ്പിച്ചത്. ഫ്രെബുവരി 13ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് ഭാര്യ സംഗീത, മക്കള്‍ ഹരിശാന്ത്, ശിവശാന്ത് എന്നിവര്‍ സമ്മതം നല്‍കിയതോടെ അവയവദാനത്തിന് വഴിയൊരുങ്ങി.

സര്‍ക്കാരിന്‍റെ അവയവദാന പദ്ധതി കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവമാറ്റ കൈമാറ്റ നടപടിക്രമങ്ങളും സ്വീകര്‍ത്താക്കളെ കണ്ടെത്താനുള്ള നടപടിയും നടന്നത്. രാജേഷിന്റെ സംസ്‌കാര ചടങ്ങുകള്‍ ഫെബ്രുവരി 15ന് വര്‍ക്കലയിലെ വീട്ടില്‍ നടക്കും.