75 വര്‍ഷം കഠിന തടവ് ശിക്ഷ! 23കാരനെ മഞ്ചേരി കോടതി ശിക്ഷിച്ചത് ഒരു വര്‍ഷത്തോളം 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന്

മലപ്പുറം: പോക്സോ കേസില്‍ 23 കാരനെ 75 വർഷം കഠിന തടവിന് മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി ശിക്ഷിച്ചു. വാഴക്കോട് പൊലീസ് സ്റ്റേഷനില്‍ 2023 ല്‍ രജിസ്റ്റർ ചെയ്ത കേസില്‍ മുതുവല്ലൂര്‍ പോത്തുവെട്ടിപ്പാറ സ്വദേശി നുഹ്മാൻ കെയാണ് ശിക്ഷിക്കപ്പെട്ടത്.അജിതീവിതയെ നിരന്തരം പിന്തുടർന്ന് പ്രണയം നടിച്ച്‌ വലയിലാക്കിയ ശേഷം പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന വീട്ടില്‍ പതിവായി രാത്രിയിലെത്തി പീഡിപ്പിച്ചുവെന്നും ബൈക്കില്‍ മിനി ഊട്ടിയിലെ മിസ്റ്റി ലാന്‍ഡ് നാച്ചുറല്‍ പാര്‍ക്കിലേക്ക് കൊണ്ടു പോയെന്നുമാണ് കേസ്. പ്രതി 6.25 ലക്ഷം രൂപ പിഴയടക്കാൻ വിധിച്ച കോടതി പണമടച്ചില്ലെങ്കില്‍ 11 മാസം അധികം തടവ് അനുവദിക്കാനും ഉത്തരവിട്ടു.

പ്രതി പിഴയായി അടക്കുന്ന തുക അതിജീവിതക്ക് നല്‍കാൻ ഉത്തരവായി. വിക്ടിം കോമ്ബന്‍സേഷന്‍ സ്കീം പ്രകാരം പെണ്‍കുട്ടിക്ക് കൂടുതല്‍ നഷ്ട പരിഹാരം നല്‍കാൻ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചു. വാഴക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍‌സ്പെക്ടറായിരുന്ന രാജന്‍ബാബുവാണ് കേസ് അന്വേഷിച്ച്‌ പ്രതിയെ പിടികൂടി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.സോമസുന്ദരന്‍ ഹാജരായി. കേസില്‍ പ്രോസിക്യുഷന്‍ ഭാഗം തെളിവിലേക്കായി 23 സാക്ഷികളെ വിസ്തരിച്ചു. 36 രേഖകള്‍ ഹാജരാക്കി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.