കൊച്ചി: പ്രഥമ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പുരസ്കാരങ്ങള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു സമ്മാനിച്ചു.സർവകലാശാലകളില്‍ ഒന്നാമതായ കുസാറ്റിനായി വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷ്റി പുരസ്കാരവും സാക്ഷ്യപത്രവും ഏറ്റുവാങ്ങി. സർവകലാശാലകളില്‍ കേരള യൂണിവേഴ്സിറ്റി, എംജി യൂണിവേഴ്സിറ്റി എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. കോളജ് വിഭാഗത്തില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, എറണാകുളം രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയൻസ്, സെന്റ് തെരേസാസ് എന്നിവ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി. എഞ്ചിനിയറിങ് കോളജ് വിഭാഗത്തില്‍ തിരുവനന്തപുരം സി.ഇ.ടി., തൃശൂർ എഞ്ചിനിയറിങ് കോളജ്, കൊല്ലം ടി കെ എം എഞ്ചിനിയറിങ് കോളജ് എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.
നഴ്സിംഗ് കോളജ് വിഭാഗത്തില്‍ തിരുവനന്തപുരം നഴ്സിങ് കോളജ് ഒന്നാമതെത്തി. എഞ്ചിനീയറിംഗ്, ആർട്സ് ആൻഡ് സയൻസ്, ടീച്ചർ എഡ്യൂക്കേഷൻ, വെറ്റിനറി, നഴ്സിംഗ് തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ റാങ്കിംഗുകള്‍ ഉണ്ട്. സർക്കാർ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, യൂണിവേഴ്സിറ്റി കോളേജ് എന്നിവ വിവിധ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടി.
12 വിഭാഗങ്ങളിലായി 449 സ്ഥാപനങ്ങളെയാണ് റാങ്കിങിന് പരിഗണിച്ചത്. ഇതില്‍ സർക്കാർ മേഖലയില്‍ നിന്ന് കോളജുകളില്‍ 12 ഉം എഞ്ചിനിയറിങ് കോളജുകളില്‍ ആറും നഴ്സിങ്, ടീച്ചർ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നു വീതവും കാർഷിക അനുബന്ധ മേഖലയില്‍ നിന്ന് അഞ്ചും സ്ഥാപനങ്ങള്‍ റാങ്കു നേടി. റാങ്കിങിന് പരിഗണിച്ച 449 സ്ഥാപനങ്ങളില്‍ വേദിയിലെത്തിയ എല്ലാവർക്കും ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു പുരസ്കാരം സമ്മാനിച്ചു.
ചടങ്ങില്‍ നാക് മുൻ ഡയറക്ടർ രംഗനാഥ് എച്ച് അന്നേ ഗൗഡ, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പ്രിൻസിപ്പല്‍ സെക്രട്ടറി ഇഷിത റോയ്, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്ബർ സെക്രട്ടറി ഡോ. രാജൻ വറുഗീസ്, സെന്റ് തെരേസാസ് പ്രിൻസിപ്പാള്‍ ഡോ. അല്‍ഫോൻസ വിജയ് ജോസഫ്, കോളജ് ഡയറക്ടർ സിസ്റ്റർ ടെസ്സ, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രജിസ്ട്രാർ പി.എസ്. വനജ എന്നിവർ പങ്കെടുത്തു.