Fincat

നെല്ലിക്ക ക്യാമ്പയിന്‍’: കൃത്രിമ ചേരുവകളില്ലാത്ത പലഹാര വിതരണപദ്ധതിയുമായി മലപ്പുറം ജില്ലാ ഭരണകൂടം

മലപ്പുറം: കൃത്രിമ നിറങ്ങളും ചേരുവകളും ഇല്ലാത്ത പലഹാരങ്ങള്‍ ഭക്ഷ്യ സ്ഥാപനങ്ങളില്‍ നല്‍കാന്‍ പദ്ധതിയിട്ട് ജില്ലാ ഭരണകൂടം. ജീവതശൈലി രോഗങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘നെല്ലിക്ക’ പദ്ധതിയുടെ ഭാഗമായാണ് ഹോട്ടലുകളിലും തട്ടുകടകളിലും എണ്ണ, പഞ്ചസാര, ഉപ്പ് എന്നിവ കുറഞ്ഞതും കൃത്രിമ നിറം ചേര്‍ക്കാത്തതുമായ പലഹാരങ്ങള്‍ എത്തിച്ച് നല്‍കുന്നത്. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍, കേരള കാറ്റേഴ്സ് അസോസിയേഷന്‍ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശുചിത്വമുള്ള അടുക്കളകള്‍ സ്ഥാപിച്ചാണ് പലഹാരം തയ്യാറാക്കുക.

1 st paragraph

പദ്ധതി വിശദീകരിച്ച് തയ്യാറാക്കിയ പ്രചാരണ നോട്ടീസ് ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കായിക- ന്യൂനപക്ഷക്ഷേമ മന്ത്രി വി അബ്ദുറഹിമാന്‍ പ്രകാശനം ചെയ്തു. ട്രോമകെയറിന്റെ സഹകരണത്തോടെയാണ് പ്രചാരണം നടത്തുന്നത്. പ്രകാശന ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, സബ് കളക്ടര്‍മാരായ ദിലീപ് കെ കൈനിക്കര, അപൂര്‍വ ത്രിപാദി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ മുഹമ്മദ്, ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധികളായ സി.എച്ച് അബ്ദുസമദ്, റഫീഖ് സാംകോ, ട്രോമാകെയര്‍ പ്രതിനിധികളായ റഷീദ് പൊന്നേത്ത്, മജീദ് വാറങ്കോട്, രാമദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

2024 മാര്‍ച്ചിലാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ‘നെല്ലിക്ക’ പദ്ധതി തുടങ്ങിയത്. ആരോഗ്യത്തിന് ഹാനികരമാകുന്ന കൃത്രിമ നിറങ്ങള്‍, അമിതമായ അളവിലുളള ഓയില്‍, ഉപ്പ്, പഞ്ചസാര എന്നിവ കുറവുളള ഭക്ഷണങ്ങള്‍ കൂടി സമാന്തരമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിക്ക് വലിയ പിന്തുണയാണ് പൊതുജനങ്ങളില്‍ നിന്നും ഭക്ഷ്യ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ചത്. ഭക്ഷ്യ സുരക്ഷാ വകുപ്പ്, ആരോഗ്യ വകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ഐ.എം.എ, കുടുംബശ്രീ, തദ്ദേശസ്ഥാപനങ്ങള്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്സ് അസോസിയേഷന്‍, ബേക്കേഴ്സ് അസോസിയേഷന്‍, കാറ്ററേഴ്സ് അസോസിയേഷന്‍, ട്രോമാകെയര്‍, റസിഡന്റ്സ് അസോസിയേഷന്‍, യുവജന സന്നദ്ധ സംഘടനകള്‍, സാമൂഹ്യ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

2nd paragraph