അബുദാബി: യുഎഇയില്‍ മരിച്ച എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ മലയാളി അവസാന യാത്രയിലും പകർന്നു നല്‍കിയത് സ്നേഹത്തിന്റെയും കരുതലിന്റെയും പാഠങ്ങള്‍.കഴിഞ്ഞ ദിവസമാണ് തൊടുപുഴ സ്വദേശിയായ ബിജു ജോസഫ് അജ്മാനില്‍ മരണപ്പെട്ടത്. മരിക്കുന്നതിന് മുൻപ് തന്നെ ബിജു തന്റെ മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യുന്നതിനുള്ള സമ്മത പത്രം തയാറാക്കി വെച്ചിരുന്നു. മരണ ശേഷം അവയവങ്ങള്‍ ദാനം ചെയ്തുകൊണ്ട് മറ്റുള്ളവർക്ക് പുതു ജീവൻ നല്‍കിയതോടെ ബിജുവിന്റെ അഭിലാഷം പൂർത്തീകരിക്കപ്പെട്ടതായി കുടുംബാംഗങ്ങള്‍ പറയുന്നു.
താമസ കെട്ടിടത്തില്‍ വെച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ബിജു ജോസഫിനെ അജ്മാനിലെ ശൈഖ് ഖലീഫ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. തുടർന്ന് ഈ മാസം ആറിനാണ് മസ്തിഷ്ക മരണം സംഭവിച്ചത്. പിന്നീട് അവയവങ്ങള്‍ ദാനം ചെയ്യുന്നതിനായി അബുദാബിയിലുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരണശേഷം തന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നത് സംബന്ധിച്ച് ബിജു ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും അവയവ ദാന പത്രിക നേരത്തെ തയാറാക്കിയിട്ടുണ്ടായിരുന്നെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
ബിജു ജോസഫിന്റെ കുടുംബം യുഎഇയില്‍ തന്നെയാണുള്ളത്. ഭാര്യ വിജി. മക്കള്‍ അനീന, അശ്വിൻ. കാനഡയില്‍ ഉപരിപഠനം ചെയ്യുന്ന മകൻ അശ്വിൻ യുഎഇയിലെത്താൻ കാത്തിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സുഹൃത്തുക്കളുടെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തില്‍ നടന്നുവരികയാണ്. സാമൂഹിക പ്രവർത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ബിജു നാല് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഷാർജ ഇന്റർനാഷനല്‍ ബുക്ക് ഫെയറിലെ സ്ഥിര സാന്നിധ്യവുമായിരുന്നു.