കോഴിക്കോട്: എയ്ഡഡ് സ്‌കൂള്‍ അധ്യാപികയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് മരിച്ചത്. വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂള്‍ അധ്യാപികയാണ്. ആറ് വര്‍ഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അലീനയുടെ കുടുംബം ആരോപിച്ചു.
താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജുമെന്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എല്‍ പി സ്‌കൂളില്‍ 5 വര്‍ഷം ജോലി ചെയ്ത അലീന കഴിഞ്ഞ ഒരു വര്‍ഷമായി കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂളിലാണ് ജോലി ചെയ്യുന്നത്. ജോലിക്കായി ആറുവര്‍ഷം മുന്‍പ് 13 ലക്ഷം രൂപ താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജുമെന്റിന് നല്‍കിയതായും കുടുംബം പറയുന്നുണ്ട്. വീട്ടില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലാണ് അവസാന ഒരു വര്‍ഷം അലീന ജോലി ചെയ്തത്. സ്‌കൂള്‍ മാറ്റ സമയത്ത് ശമ്പളം വേണ്ടെന്ന് മാനേജ്‌മെന്റ് എഴുതി വാങ്ങിയെന്നും സ്‌കൂളിലെ അധ്യാപകര്‍ തങ്ങളുടെ വേതനത്തില്‍ നിന്ന് പിരിച്ചെടുത്ത പണമാണ് അലീനയ്ക്ക് നല്‍കിയിരുന്നതെന്നും വിവരമുണ്ട്.
കട്ടിപ്പാറ സ്‌കൂളില്‍ ലീവ് വേക്കന്‍സിയിലാണ് അലീന ജോലിക്ക് കേറിയത്. ഇവിടെ നിയമനത്തിന് സാധ്യതയില്ലായിരുന്നിട്ടും മാനേജ്‌മെന്റ് സ്ഥിര നിയമനത്തിന് സാധ്യതയുണ്ടെന്ന് വാഗ്ദാനം നല്‍കിയാണ് ഇവര്‍ക്ക് ജോലി നല്‍കിയത്. എന്നാല്‍ അവധിക്ക് പോയ അധ്യാപിക തിരികെ വന്നതോടെ അലീനയെ വീടിന് അടുത്തുള്ള സ്‌കൂളില്‍ നിന്ന് കോടഞ്ചേരിയിലേക്ക് മാറ്റി. ഇവിടെയും സ്ഥിര നിയമനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായാണ് വിവരം. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അലീന ജീവനൊടുക്കിയത്. കൊടിയ ചൂഷണമാണ് അധ്യാപിക നേരിട്ടതെന്നാണ് ലഭ്യമാകുന്ന വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.