രഞ്ജി ട്രോഫി സെമി ഫൈനല്‍ ; മുംബൈക്കെതിരെ പിടിമുറുക്കി വിദര്‍ഭ

നാഗ്പൂര്‍: രഞ്ജി ട്രോഫി സെമി ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈക്കെതിരായ മത്സത്തില്‍ വിദര്‍ഭ പിടിമുറുക്കുന്നു. നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 260 റണ്‍സിന്റെ ലീഡ് നേടിയിട്ടുണ്ട് വിദര്‍ഭ. രണ്ടാം ഇന്നിംഗ്സില്‍ നാലിന് വിക്കറ്റിന് 147 റണ്‍സെടുക്കാന്‍ അവര്‍ക്കായി. യാഷ് റാതോഡ് (59), അക്ഷയ് വഡ്കര്‍ (31) എന്നിവരാണ് ക്രീസില്‍. നേരത്തെ, വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 383നെതിരെ, മുംബൈയുടെ ഇന്നിംഗ്സ് 270ന് അവസാനിച്ചിരുന്നു. 106 റണ്‍സ് നേടിയ ആകാശ് ആനന്ദാണ് മുംബൈയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്.

പിന്നാലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച വിദര്‍ഭയ്ക്ക് തകര്‍ച്ചയോടെയായിരുന്നു തുടക്കം. 56 റണ്‍സിനെ അവരുടെ നാല് വിക്കറ്റുകള്‍ നഷ്ടമായി. അഥര്‍വ തൈഡെ (0), ധ്രുവ് ഷോറെ (13), ഡാനിഷ് മനേവാര്‍ (29), കരുണ്‍ നായര്‍ (6) എന്നിവര്‍ക്ക് തിളങ്ങാനായില്ല. പിന്നീട് റാതോഡ് – വഡ്കര്‍ സഖ്യം 91 റണ്‍സ് കൂട്ടിചേര്‍ത്ത് വിദര്‍ഭയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. നേരത്തെ, ഏഴിന് 188 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗിനെത്തിയ മുംബൈക്ക് ശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ 82 റണ്‍സുകള്‍ക്കിടെ നഷ്ടമായി.

ആകാശിന് പുറമെ ഷാര്‍ദുല്‍ ഠാക്കൂര്‍ (37), സിദ്ധേഷ് ലാഡ് (35), തനുഷ് കൊട്ടിയാന്‍ (33) എന്നിവര്‍ മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. പാര്‍ത്ഥ് രഖാഡെ നാല് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിദര്‍ഭയ്ക്ക് ധ്രുവ് ഷോറെ (74), ഡാനിഷ് മലേവാര്‍ (79), യഷ് റാത്തോഡ് (54), കരുണ്‍ നായര്‍ (45) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മുംബൈക്ക് വേണ്ടി ശിവം ദുെബ അഞ്ച് വിക്കറ്റ് വീഴ്ത്തി. മുലാനി, റോയ്സ്റ്റണ്‍ ഡയസ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.