പുതിയ വാഷിംങ് മെഷീൻ വാങ്ങി രണ്ടു മാസത്തിനുള്ളിൽ കേടായി ; ഷോപ്പും കമ്പനിയും ധിക്കാര സമീപനം; ഒടുവിൽ വമ്പൻമാർക്കെതിരെ യുവാവ് നടത്തിയ നിയമ പോരാട്ട കഥ ഇങ്ങനെ
തിരൂർ മയൂരിക്കും എൽജിക്കും എതിരെ 51,000 രൂപ നക്ഷ്ട പരിഹാരം നൽകാൻ വിധിച്ച് ഉപഭോക്തൃ കോടതി
തിരൂർ: 24000 രൂപ മുടക്കി വാങ്ങിയ പുതിയ വാഷിംങ് മെഷീന്‍ കേടായതിനെ തുടര്‍ന്ന് നന്നാക്കി നല്‍കാനായി സമീപിച്ച ഉപഭോക്താവിനോട് ധിക്കാരപരമായി പെരുമാറിയ തിരൂര്‍ മയൂരി ഫര്‍ണിച്ചര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സിനെതിരെയും എൽജി കമ്പനിക്കുമെതിരെ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. താനാളൂര്‍ പകര സ്വദേശി ഷഹീര്‍ കൂടാത്ത് സമര്‍പ്പിച്ച പരാതിയിലാണ് തിരൂര്‍ മയൂരി ഷോപ്പിനെതിരെ വിധി ഉണ്ടായിട്ടുള്ളത്.
എല്‍.ജി കമ്പനിയുടെ ഓട്ടോമാറ്റിക്ക് ടോപ് ലോഡ് 9 കെ.ജി വാഷിംങ് മെഷീനാണ് തിരൂര്‍ താഴേപാലത്തെ മയൂരി ഇലക്ട്രോണിക്‌സില്‍ നിന്നും ഷഹീര്‍ വാങ്ങിയത്. ഒന്നര മാസം പിന്നിട്ടപ്പോഴേക്കും വാഷിംങ് മെഷീന്‍ പ്രവര്‍ത്തന രഹിതമായി. ഉടനെ മയൂരി അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് എല്‍.ജിയില്‍ നിന്നും സര്‍വ്വീസ് എഞ്ചിനീയര്‍ എത്തി പരിശോധിച്ച് വാട്ടര്‍ സ്റ്റോറിംങ് ടബ്ബ് തകരാറാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തെ വാറണ്ടി ഉണ്ടായിരിക്കെ തകരാറിലായ പാട്‌സ് മാറ്റി വയ്ക്കാന്‍ രണ്ടായിരം രൂപ വേണമെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് പലതണ ഈ ആവശ്യവുമായി മയൂരി ഷോറൂമിലും തൃക്കണ്ടിയൂരിലെ സര്‍വീസ് സെന്ററിലും ഷഹീര്‍ സമീപിച്ചെങ്കിലും ധിക്കാരപരമായ സമീപനമാണ് തന്നോട് ഉണ്ടായതെന്ന് ഷഹീര്‍ സിറ്റിസ്‌കാന്‍ ന്യൂസിനോടു പറഞ്ഞു. സൗജന്യമായി പാട്‌സ് മാറ്റിത്തരാന്‍ പറ്റില്ലെന്നും തന്നാല്‍ കഴിയുന്നത് ചെയ്‌തോളൂവെന്നുമായിരുന്നു ഷോറൂം, കമ്പനി അധികൃതരുടെ മറുപടി. ഈ സമീപനം തന്നെ മാനസികമായി തളര്‍ത്തിയതായും തുടര്‍ന്നാണ് നിയമപോരാട്ടത്തിന് ഇറങ്ങിയതെന്നും ഷഹീര്‍ പറഞ്ഞു.
വക്കീല്‍ മുഖാന്തരം കേസ് നടത്താന്‍ വലിയ ഫീസ് നല്‍കണമെന്നായപ്പോള്‍ സ്വന്തമായി തന്നെ കേസ് നടത്താന്‍ തീരുമാനിച്ചു. തയ്യാറാക്കിയ പരാതിയുമായി ഷഹീര്‍ മലപ്പുറം ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചു. മയൂരി ഇലക്ട്രോണിക്‌സ് ഒന്നാം എതിര്‍ കക്ഷിയും എല്‍.ജി മാനേജിംങ് ഡയറക്ടര്‍ രണ്ടാം എതിര്‍കക്ഷിയും എല്‍.ജിയുടെ തിരൂരിലെ സര്‍വീസ് സെന്റര്‍ തൃക്കണ്ടിയൂരിലെ എക്കോ ഇലക്ട്രോണിക്‌സ് സര്‍വീസ് മാനേജര്‍ മൂന്നാം എതിര്‍കക്ഷിയുമായാണ് ഷഹീര്‍ പരാതി സമര്‍പ്പിച്ചത്.
കേസ് നടന്ന ആറ് സിറ്റിംങുകളിലും ഷഹീര്‍ ഹാജരായി കോടതിയെ പ്രശ്‌നം ബോധ്യപ്പെടുത്തി. മിക്ക സിറ്റിംങുകളിലും എതിര്‍ കക്ഷികള്‍ ഹാജരായിരുന്നില്ല. എതിര്‍ കക്ഷികള്‍ ഹാജരാവാത്ത ദിവസങ്ങളില്‍ പരാതിക്കാരന് എതിര്‍കക്ഷികള്‍ വിഹിതം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കേസ് വിധിയിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പായി മയൂരി അധികൃതര്‍ ഒത്തുതീര്‍പ്പിനായി ഷഹീറിനെ ബന്ധപ്പെട്ടിരുന്നു. വാഷിംങ് മെഷീന്‍ തിരിച്ചെടുക്കാമെന്നും മുടക്കിയ തുകയും അയ്യായിരം രൂപ നഷ്ടപരിഹാരമായി നല്‍കാമെന്നുമായിരുന്നു ഡിമാന്റ്. എന്നാല്‍ ഈ ഉപാധിക്കു വഴങ്ങാതെ കേസ് വിധിയാകും വരെ ഷഹീര്‍ കാത്തിരുന്നു.
മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ 2024 ഒക്ടോബറില്‍ 24 ന് മോഹന്‍ദാസ് കെ, പ്രീതി ശിവരാമന്‍ കെ, മുഹമ്മദ് ഇസ്മായില്‍ സി.വി എന്നിവരടങ്ങുന്ന ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ കേസില്‍ വിധി പുറപ്പെടുവിച്ചു. വാഷിംങ് മെഷീന്‍ വാങ്ങിയ 24,000 രൂപ തിരികെ നല്‍കാനും നഷ്ടപരിഹാരമായി 25,000 രൂപയും കേസ് നടത്തിപ്പിലേക്ക് 2000 രൂപയും എതിര്‍ കക്ഷികള്‍ ഒരു മാസത്തിനുള്ളില്‍ നല്‍കണമെന്നായിരുന്നു വിധി. ഒരു മാസം പിന്നിട്ടാല്‍ 12 ശതമാനം പലിശയോടെ പരാതിക്കാരന് നൽകാനുമായിരുന്നു ഉത്തരവ്.
പല തരം ഉല്‍പന്നങ്ങള്‍ വാങ്ങി ഇത്തരം സാഹചര്യത്തില്‍ അകപ്പെട്ട് എന്ത് ചെയ്യണമെന്നറിയാത്ത സാധാരണക്കാര്‍ക്ക് പ്രചോദനമാകും ഈ നീതിക്കുവേണ്ടിയുള്ള പോരാട്ടമെന്ന് ഷഹീര്‍ പറഞ്ഞു. കമ്പനികളും ഷോറൂമുകളും ഉപഭോക്താക്കളോട് മാന്യമായി പെരുമാറാന്‍ ശ്രദ്ധിക്കണമെന്നും ഷഹീര്‍ കൂട്ടിച്ചേര്‍ത്തു.
