സ്വകാര്യ സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പ്രതിഷേധാര്‍ഹം- മാനേജ്‌മെന്റ് അസോസിയേഷന്‍

തിരൂര്‍: സ്വകാര്യ സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് കേരള റെക്കഗനൈസ്ഡ് സ്‌കൂള്‍ മാനേജമെന്റ്‌സ് അസോസിയേഷന്‍ (കെ.ആര്‍.എസ്.എം.എ) സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി. ഒരു ഭാഗത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുകയും മറു ഭാഗത്തു സ്വകാര്യ വിദ്യാലയങ്ങളില്‍ മക്കളെ പഠിപ്പിക്കുന്നത് പോലും അപരാധമാണെന്ന് പറയുകയും ചെയ്യുന്നത് യുക്തിക്കു നിരക്കുന്നതല്ല. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം പൊതു വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞതിന്റെ കാരണം പരിഹരിക്കാന്‍ സര്‍ക്കാര്‍, എയിഡഡ് വിദ്യാലങ്ങളിലെ അദ്ധ്യാപകര്‍ കുട്ടികളെ അവിടങ്ങളില്‍ തന്നെ പഠിപ്പിക്കണമെന്നും ഇല്ലെങ്കില്‍ അവര്‍ക്കെതിരെ നടപടി എന്നതും തെറ്റായ തീരുമാനമാണ്. പാഠ പുസ്തകവും യൂണിഫോമും ഉച്ച ഭക്ഷണവും മറ്റു ധാരാളം ആനുകൂല്യങ്ങളും നല്‍കിയിട്ടും പൊതു വിദ്യാലയങ്ങളില്‍ രക്ഷിതാക്കള്‍ കുട്ടികളെ ചേര്‍ക്കുന്നില്ലെങ്കില്‍ അതിന് തക്കതായ കാരണം ഉണ്ടാകും. ആ കാരണം കണ്ടെത്തി പരിഹരിക്കുന്നതിന് പകരം അവിടങ്ങളിലെ രക്ഷിതാക്കളായ അദ്ധ്യാപകര്‍ക്ക് നേരെ നടപടിക്ക് മുതിരുന്നത് തെറ്റാണ്. പ്രസിഡന്റ് രാഘവ ചേരാള്‍ അധ്യക്ഷത വഹിച്ചു. മുജീബ് പൂളക്കല്‍, സൂസമ്മ മാമച്ചന്‍, ബി. വേണു ഗോപാലന്‍ നായര്‍, പി. കെ. മുഹമ്മദ് ഹാജി, ആര്‍. എം. ബഷീര്‍, ആനന്ദ് കണ്ണശ്ശ, അഡ്വ. ഹാരിഫ്, ആദര്‍ശ വര്‍മ്മ, നാസര്‍ പനമരം, രഞ്ജീവ് കുറുപ്പ്, നജീബ് മുട്ടം, തുടങ്ങിയവര്‍ സംസാരിച്ചു.