‘രഞ്ജി ട്രോഫി ഫൈനല്‍ കളിക്കുകയെന്നത് സ്വപ്സം, ടീമില്‍ ഉള്‍പ്പെടാന്‍ സാധിക്കാത്തതിൽ സങ്കടമുണ്ട്’ – സഞ്ജു സാംസണ്‍

 

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ തന്നെ ഒതുക്കാന്‍ ശ്രമിച്ചുവെന്ന് തോന്നിയിട്ടില്ലെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ നിന്നൊഴിവാക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജു. വിജയ് ഹസാരെയ്ക്കുള്ള ടീമില്‍ നിന്ന് സഞ്ജുവിന് തഴഞ്ഞിരുന്നു. പരിശീലന ക്യാംപില്‍ പങ്കെടുത്തവര്‍ക്ക് മാത്രമാണ് മുന്‍ഗണന എന്നായിരുന്നു കെസിഎയുടെ മറുപടി. സഞ്ജു വയനാട്ടില്‍ നടന്ന ക്യാംപില്‍ നിന്ന് വിട്ടുനിന്നിരുന്നു. ക്യാംപിനുണ്ടാവില്ലെന്ന് സഞ്ജു അറിയിച്ചിരുന്നില്ലെന്നും കെസിഎ വ്യക്തമാക്കിയിരുന്നു.

 

കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സഞ്ജു വിശദീകരിക്കുന്നതിങ്ങനെ… ”രഞ്ജി ട്രോഫി ഫൈനല്‍ കളിക്കുകയെന്നുള്ളത് സ്വപ്‌നമായിരുന്നു. കഴിഞ്ഞ ദിവസത്തെ മത്സരം സ്വപ്നം പോലെ ആയിരുന്നു. ടീമില്‍ ഉള്‍പ്പെടാന്‍ സാധിക്കാതെ പോയതിലുള്ള സങ്കടമുണ്ട്. ഫൈനല്‍ നേരിട്ട് കാണാന്‍ ഞാന്‍ ഗ്രൗണ്ടില്‍ ഉണ്ടാകും. സമ്മര്‍ദ്ദം അതിജീവിക്കാന്‍ ടീം നന്നായി പഠിച്ചിട്ടുണ്ട്.” സഞ്ജു പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആയിട്ട് തനിക്ക് പ്രശ്‌നങ്ങളില്ലെന്നും, തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന തോന്നല്‍ ഉണ്ടാക്കിയിട്ടില്ലെന്നും സഞ്ജു പറഞ്ഞു.

 

ഐസിസി ചാംപ്യന്‍സ് ട്രോഫിയെ കുറിച്ചും സഞ്ജു സംസാരിച്ചു. ”ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തെ വലിയ ആവേശത്തോടെയാണ് കാണുന്നത്. ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്താതിന്റെ കാരണം അറിയില്ല. ഉള്‍പ്പെടാതെ പോയതില്‍ നിരാശയുണ്ട്.” സഞ്ജു പറഞ്ഞു. സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെ കുറച്ചും അദ്ദേഹം സംസാരിച്ചു. ”രാജസ്ഥാന്‍ റോയല്‍സ് കേരളത്തിന്റെ സ്വന്തം ടീമാണ്. ഇത്തവണ മികച്ച പരിശീലനം ഉറപ്പാക്കുന്നു. രാഹുല്‍ ദ്രാവിഡ് കീഴില്‍ പരിശീലനം വലിയ ആത്മവിശ്വം നല്‍കുന്നുണ്ട്.” സഞ്ജു കൂട്ടിചേര്‍ത്തു.

തന്റെ ക്രിക്കറ്റ് അക്കദാമി പ്രഖ്യാപനവും സഞ്ജു നടത്തി. തൃശൂര്‍, ചാലക്കുടി മുരിയാടാണ് അക്കാദമി സ്ഥാപിക്കുക. ആറ് മാസത്തിനിടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ പറ്റുമെന്നു പ്രതീക്ഷിക്കുന്നുവെന്നും സഞ്ജു വ്യക്തമാക്കി.