നിരോധിത മരുന്നുകള്‍ ഫാര്‍മസികളില്‍ നിന്ന് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ വികസന യോഗത്തില്‍ കലക്ടര്‍

നിരോധിത മരുന്നുകള്‍ ഫാര്‍മസികളില്‍ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടെങ്കില്‍ അവ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ്. ജില്ലാ വികസന സമിതി യോഗത്തില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എയാണ് വിഷയം ഉന്നയിച്ചത്. നിരോധിക്കപ്പെട്ട മരുന്നുകള്‍ ജില്ലയില്‍ വിതരണം ചെയ്യുന്നുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വസ്തുത പരിശോധിക്കണമെന്നുമാണ് എം.എല്‍.എ ആവശ്യപ്പെട്ടത്. നിരോധിക്കപ്പെട്ട മരുന്നുകളുടെ ഉല്പാദനം പൂര്‍ണമായും നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ സ്റ്റോക്കിലുള്ളത് വിറ്റഴിക്കാനുള്ള അനുമതി നിര്‍മ്മാതാക്കള്‍ കോടതിവിധിയിലൂടെ സമ്പാദിച്ചിട്ടുണ്ടെന്നും അതാണ് വാര്‍ത്തയുടെ അടിസ്ഥാനമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക വിശദീകരിച്ചു. എന്നാല്‍ ജില്ലയില്‍ അവ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഡി.എം.ഒ അറിയിച്ചു.