വന്‍ നിക്ഷേപത്തിനൊരുങ്ങി ടാറ്റാ ഗ്രൂപ്പ് ; മലബാര്‍ സിമന്റ്‌സിനൊപ്പം ബോട്ട് നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കാന്‍ താത്പര്യപത്രം ഒപ്പിട്ടു

കൊച്ചി: കൊച്ചിയില്‍ നിക്ഷേപം നടത്താന്‍ ടാറ്റ ഗ്രൂപ്പിന് കീഴിലെ ഉപകമ്പനി. ടാറ്റയുടെ ഉപ കമ്പനിയായ ആര്‍ട്‌സണ്‍ ഗ്രൂപ്പാണ് കൊച്ചിയില്‍ നിക്ഷേപത്തിന് തയ്യാറായത്. നൂറ് ടണ്ണില്‍ താഴെ ഭാരമുള്ള ബോട്ടുകള്‍ നിര്‍മ്മിക്കുന്ന യൂണിറ്റാണ് കമ്പനി കൊച്ചിയില്‍ ലക്ഷ്യമിടുന്നത്. ഇതിനായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ സിമന്റ്‌സുമായി സംയുക്ത സംരംഭത്തിന് താല്പര്യ പത്രം ഒപ്പിട്ടു. കേരളത്തിലേക്ക് നിക്ഷേപങ്ങള്‍ ക്ഷണിച്ച് നടത്തിയ ഗ്ലോബല്‍ ഇന്‍വെസ്റ്റേര്‍സ് സമ്മിറ്റിന്റെ ഭാഗമായാണ് പ്രഖ്യാപനം.

സംസ്ഥാനത്തിന്റെ വ്യാവസായിക മുന്നേറ്റത്തിന് കരുത്താവുകയാണ് കൊച്ചിയില്‍ നടക്കുന്ന സമ്മിറ്റ്. രണ്ടാം ദിവസത്തിലേക്ക് കടന്ന സമ്മിറ്റില്‍ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടാറ്റ ഗ്രൂപ്പ് കമ്പനിയും രംഗത്ത് വന്നത്. സംസ്ഥാനത്ത് ലോജിസ്റ്റിക്‌സ് മേഖലയില്‍ നിക്ഷേപം നടത്തുമെന്നാണ് ഷറഫ് ഗ്രൂപ്പിന്റെ പ്രഖ്യാപനം. വ്യവസായ സെക്രട്ടറിക്കൊപ്പം മാധ്യമങ്ങളെ കണ്ട് ഗ്രൂപ്പ് മേധാവി ഷറഫുദ്ദീന്‍ ഷറഫ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ആദ്യ ദിവസം തന്നെ ഗ്ലോബല്‍ ഇന്‍വസ്റ്റേഴ്‌സ് മീറ്റില്‍ വന്‍ നിക്ഷേപ വാഗ്ദാനം ആണ് ഉണ്ടായത്. അദാനി ഗ്രൂപ്പ് 30000 കോടിയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചത്. ഇതില്‍ വിഴിഞ്ഞത്ത് 20000 കോടിയുടെ അധിക നിക്ഷേപമെത്തും. അദാനി ഗ്രൂപ്പ് 5000 കോടിയുടെ ഇ-കൊമേഴ്‌സ് ഹബ് പദ്ധതി അദാനി തുടങ്ങും. തിരുവനന്തപുരം വിമാനത്താവളത്തില്‍ 5000 കോടിയുടെ വികസന വാഗ്ദാനമാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ എത്ര കാലത്തിനുള്ളിലാണ് ഈ നിക്ഷേപം നടത്തുകയെന്നോ എന്തൊക്കെയായിരിക്കും പദ്ധതികളെന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല.

തെലുങ്കാനയിലെ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കേരളത്തില്‍ 3000 കോടി രൂപയുടെ നിക്ഷേപ താത്പര്യം അറിയിച്ചിട്ടുണ്ട്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ 850 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ലുലു ഗ്രൂപ്പിന്റെ പുതിയ നിക്ഷേപ പദ്ധതികള്‍ ഇന്ന് പ്രഖ്യാപിക്കും. ഐടി സേവന മേഖലയിലും ഭക്ഷ്യ സംസ്‌കരണ രംഗത്തും ലുലു നിക്ഷേപം നടത്തും.