‘മോദി സര്‍ക്കാര്‍ ഫാസിസ്റ്റു സര്‍ക്കാര്‍ തന്നെ, സിപിഎം എന്തുകൊണ്ട് നിലപാട് തിരുത്തുന്നതെന്ന് അവരോട് തന്നെ ചോദിക്കണം’ – ബിനോയ് വിശ്വം

കോഴിക്കോട്: മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ അല്ലെന്ന നിലപാട് സിപിഎമ്മിന് തിരുത്തേണ്ടിവരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആര്‍ എസ് എസ് നയിക്കുന്ന മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ തന്നെയാണ്. ആര്‍ എസ് എസ് പൂര്‍ണ ഫാസിസ്റ്റു സംഘടനയാണ്. ആര്‍എസ്എസ് നയിക്കുന്ന ബിജെപി സര്‍ക്കാരും ഫാസിസ്റ്റ് സര്‍ക്കാര്‍ തന്നെയാണ്. സിപിഎം എന്തുകൊണ്ട് നിലപാട് തിരുത്തുന്നത് അവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സിപിഐഎം പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിന് വിശദീകരണമെന്ന നിലയില്‍ അയച്ച രേഖയിലാണ് മോദി സര്‍ക്കാരിനെ ഫാസിസ്റ്റ് സര്‍ക്കാരെന്ന് വിശേഷിപ്പിക്കാനാവില്ലെന്ന പരാമര്‍ശം. നവ ഫാസിസ്റ്റ് പ്രവണതകള്‍ ഉണ്ടെങ്കിലും ഇന്ത്യന്‍ ഭരണകൂടത്തെ നവഫാസിസ്റ്റായി ചിത്രീകരിക്കാനാവില്ലെന്നുമാണ് സംസ്ഥാന ഘടകങ്ങള്‍ക്ക് അയച്ച രേഖയില്‍ സിപിഐഎം വിശദീകരിച്ചത്.

മുസോളിനിയുടെയും ഹിറ്റ്‌ലറുടെയും കാലത്തേത് ‘ക്ലാസിക്കല്‍ ഫാസിസ’മെന്നും പിന്നീടുള്ള രൂപങ്ങളെ ‘നവഫാസിസ’മെന്നും വിശേഷിപ്പിച്ചാണ് പുതിയ നിര്‍വചനം. മോദി സര്‍ക്കാരിനെ ഫാസിസ്റ്റ് എന്ന് പറയാനാകില്ല. ഇന്ത്യന്‍ ഭരണകൂടത്തെ നവഫാസിസ്റ്റായും ചിത്രീകരിക്കാനാവില്ലെന്നും ഇതില്‍ പറയുന്നു.