ഇനി നാടകക്കാലം, 15-ാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തുടക്കം


തൃശൂർ: കേരളത്തിന്റെ 15-ാമത് അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക് 2025ന് ഇന്ന് തുടക്കം. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഇറ്റ്ഫോക്കിന്റെ ഈ വർഷത്തെ പ്രമേയം ‘പ്രതിരോധത്തിന്റെ സംസ്കാരങ്ങള്‍’ എന്നതാണ്.വിവിധ സംസ്കാരങ്ങള്‍ കൊണ്ട് അതിജീവനത്തിനായി പ്രതിരോധം തീർക്കുന്ന മനുഷ്യരെ അടയാളപ്പെടുത്തുകയാണ് ഈ വർഷത്തെ നാടകോത്സവം. സാംസ്കാരിക വകുപ്പിനുവേണ്ടി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന നാടകോത്സവത്തില്‍ മൂന്നു വേദികളിലായി 15 നാടകങ്ങളുടെ 34 പ്രദർശനം അരങ്ങേറും. മാർച്ച്‌ രണ്ടിനാണ് നാടകോത്സവം സമാപിക്കുക.

അക്കാദമിയിലെ തോപ്പില്‍ ഭാസി ബ്ലാക്ക് ബോക്സ്, കെ.ടി. മുഹമ്മമദ് റീജനല്‍ തിയറ്റർ, ആക്ടർ മുരളി തിയറ്റർ എന്നിവയും രാമനിലയം കാമ്ബസ്, അക്കാദമി അങ്കണം എന്നിവയുമാണ് വേദിയാവുക. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നാടക മേളയില്‍ ഒന്നായ ഇറ്റ്ഫോക്കില്‍ വൈവിധ്യമാർന്ന നാടകങ്ങള്‍, സംഗീത – നൃത്ത പ്രകടനങ്ങള്‍, പാനല്‍ ചർച്ചകള്‍, സംവാദങ്ങള്‍, ആർട്ടിസ്റ്റുകളുമായുള്ള മുഖാമുഖം എന്നിവ പ്രദർശിപ്പിക്കും. ഫെബ്രുവരി 23ന് തുടങ്ങി മാർച്ച്‌ 2ന് അവസാനിക്കുന്ന എട്ട് ദിവസത്തെ പരിപാടിയില്‍ മൂന്നു വേദികളിലായി 10 ഇന്ത്യയില്‍ നാടകങ്ങളും അഞ്ച് അന്താരാഷ്ട്ര നാടകങ്ങളും ഉള്‍പ്പെടെ 15 നാടകങ്ങളുടെ 34 പ്രദർശനങ്ങളുണ്ടാകും.

കെ ടി മുഹമ്മദ് തിയറ്ററില്‍ 550 പേർക്കും ബ്ലാക്ക് ബോക്സില്‍ 150, ആക്ടർ മുരളി തിയറ്ററില്‍ 500 എന്നിങ്ങനെയാണ് നാടകം കാണുന്നതിനായി ഇരിക്കാനുള്ള സൗകര്യം. അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളിയുടെ നേതൃത്വത്തില്‍ ഫെസ്റ്റിവല്‍ കോ ഓർഡിനേറ്റർ ജലീല്‍ ടി കുന്നത്ത്, പ്രോഗ്രാം ഓഫിസർ വി കെ അനില്‍കുമാർ എന്നിവരാണ് ഇറ്റ്ഫോക് പരിപാടികള്‍ ഏകോപിപ്പിക്കുന്നത്. പ്രശസ്ത രംഗശില്‍പ്പിയും ആർട്ടിസ്റ്റുമായ സുജാതന്റെ മേല്‍നോട്ടത്തിലാണ് നാടക വേദികള്‍ രംഗാവിഷ്ക്കാരങ്ങളുടെ ശബ്ദമായി ഉണരുന്നത്.

ആദ്യ ദിനമായ ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ‘ദി നൈറ്റ്സ്’, രാത്രി 7.30ന് ‘ഹയവദന’ തുടങ്ങിയ നാടകങ്ങള്‍ അരങ്ങേറും. വൈകീട്ട് അഞ്ച് മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഇറ്റ്ഫോക് 2025ന്റെ ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി അക്കാദമി അംഗം സജു ചന്ദ്രന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന മേളം കച്ചേരിയുണ്ട്. ഞായറാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി സജി ചെറിയാൻ നാടകോത്സവം ഉദ്ഘാടനം ചെയ്യും. തെന്നിന്ത്യൻ സിനിമ-നാടക അഭിനേതാവ് നാസർ മുഖ്യാതിഥിയായിരിക്കും. പി. ബാലചന്ദ്രൻ എം.എല്‍.എ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു, കലക്ടർ അർജുൻ പാണ്ഡ്യൻ, മേയർ എം.കെ. വർഗീസ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പ്രിൻസ്, അക്കാദമി ചെയർമാൻ, സെക്രട്ടറി എന്നിവർ പങ്കെടുക്കും.

വൈകീട്ട് 7.30ന് ആക്ടർ മുരളി തിയറ്ററില്‍ ഗിരീഷ് കർണാടകിന്‍റെ ‘ഹയവദന’യാണ് ഉദ്ഘാടന അവതരണം. വൈകീട്ട് മൂന്നിന് ബ്ലാക്ക് ബോക്സില്‍ അറേബ്യൻ നൈറ്റ്സിനെ അധികരിച്ച്‌ ‘ദി നൈറ്റ്സ്’ എന്ന പാവകളി നാടകം അരങ്ങേറും. രാത്രി ഒമ്ബതിന് അക്കാദമിക്ക് മുന്നില്‍ ‘ഗൗളി’ ബാൻഡിന്‍റെ സംഗീതനിശയുണ്ട്. ആർട്ടിസ്റ്റ് സുജാതനാണ് രംഗപടം ഒരുക്കുന്നത്. ഇന്ത്യൻ നാടകങ്ങള്‍ക്കു പുറമെ ഈജിപ്ത്, റഷ്യ, ഹംഗറി, ശ്രീലങ്ക, ഇറാഖ് എന്നിവിടങ്ങളില്‍നിന്ന് നാടകസംഘങ്ങള്‍ എത്തുന്നുണ്ട്. ഡല്‍ഹി, ബംഗളൂരു, മണിപ്പൂർ, ഗുജറാത്ത്, അസം, മുംബൈ എന്നിവിടങ്ങളില്‍നിന്നും കോട്ടയം, പാലക്കാട്, എറണാകുളം എന്നിവിടങ്ങളില്‍നിന്നുള്ള ഓരോ സംഘങ്ങളും നാടകോത്സവത്തിന്‍റെ ഭാഗമാകും. പാനല്‍ ചർച്ചകള്‍, ദേശീയ-അന്തർദേശീയ നാടക പ്രവർത്തകരുമായി മുഖാമുഖം, സംഗീത-നൃത്ത നിശകള്‍ എന്നീ അനുബന്ധ പരിപാടികളുമുണ്ട്. മാർച്ച്‌ രണ്ടു വരെ രാമനിലയം കാമ്ബസിലെ ‘ഫാവോസ്’ (ഫ്രം ആഷസ് ടു ദി സ്കൈ) വേദിയില്‍ രാവിലെ 11.30ന് ആർട്ടിസ്റ്റുകളുമായി മുഖാമുഖവും വ്യത്യസ്ത ദിവസങ്ങളില്‍ ചർച്ചകളുമുണ്ട്.

രാവിലെ ഒമ്ബതിന് തുറക്കുന്ന കൗണ്ടറില്‍നിന്ന് അന്നേ ദിവസത്തെ എല്ലാ നാടകങ്ങളുടെയും നിശ്ചിത ശതമാനം ടിക്കറ്റുകള്‍ വിതരണം ചെയ്യും. ബാക്കി ഓരോ നാടകത്തിന്‍റെയും ഒരു മണിക്കൂർ മുമ്ബ് ലഭിക്കും. 80 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓണ്‍ലൈൻ വഴി എടുത്തവർക്ക് മെയിലായി ലഭിച്ച ടിക്കറ്റിന്‍റെ ക്യു.ആർ കോഡ് തിയറ്ററിന്‍റെ പ്രവേശനകവാടത്തില്‍ സ്കാൻ ചെയ്തോ ടിക്കറ്റ് പ്രിന്‍റ് എടുത്തോ നാടകം കാണാം. ഫെസ്റ്റിവല്‍ ബുക്ക് ഉള്‍പ്പെടുന്ന കിറ്റ് കൗണ്ടറില്‍ കിട്ടും. ആദിവാസി ഭക്ഷണ വിഭവങ്ങള്‍ അടക്കം കിട്ടുന്ന ഫുഡ് കോർട്ടും ഇവിടെ നാടകപ്രേമികള്‍ക്കായി ഒരുങ്ങിയിട്ടുണ്ട്.