നിരവധി കൊലപാതക കേസുകള്‍ കണ്ടും കേട്ടും തെളിയിച്ചും പരിചയമുള്ളവരാണ് കേരള പോലീസ്. എന്നാല്‍ പോലീസിനെ പോലും ഞെട്ടിച്ചു കളഞ്ഞ കൊലപാതക പരമ്പരയാണ് വെഞ്ഞാറമൂട്ടില്‍ നടന്നിരിക്കുന്നത്. ആറു മണിക്കൂറിനിടെ മൂന്ന് വീടുകളിലായി അഞ്ച് കൊലപാതകങ്ങളാണ് പ്രതി അഫാന്‍ ആസൂത്രിതമായി നപ്പാക്കിയത്. ഒരു പകലിന്റെ സമയത്തിനുള്ളില്‍ കൊന്ന് തള്ളിയത് ഉറ്റവരെയും ഉടയവരെയുമാണ്.
കൊലപാതക കാരണം തേടിയുള്ള അന്വേഷണത്തിലാണ് പോലീസ്. കൊലപാതക കാരണം വ്യക്തമായിട്ടില്ലെന്ന് ദക്ഷിണ മേഖല ഐ.ജി പറഞ്ഞു. അഫാന്‍ മാത്രമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് നിഗമനം. 23 വയസാണ് പ്രതി അഫാനുള്ളത്. അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം നല്ല അഭിപ്രായം മാത്രമാണ് അഫാനെ കുറിച്ച്. ബന്ധുക്കളെയടക്കം കിലോമീറ്ററുകള്‍ താണ്ടി കൊല്ലാനുള്ള കാരണം എന്തെന്ന് ആര്‍ക്കും വ്യക്തമല്ല. കാമുകി ഫര്‍സാനയും കൊലപാതകത്തിന് ഇരയായി.
5 പേരെയും കൊന്നത് ഒരേ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചാണെന്നാണ് പ്രാഥമിക നിഗമനം. എല്ലാവര്‍ക്കും തലയില്‍ അടിയേറ്റ ക്ഷതമുണ്ട്. ചുറ്റിക അഫാന്‍ വാങ്ങിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രതി അഫാന്റെ മാനസിക നില പരിശോധിക്കും. ഇടയ്ക്ക് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന സ്വഭാവം പ്രതി പ്രകടിപ്പിക്കുന്നുണ്ട്. അമ്മൂമ്മയെ കൊലപ്പെടുത്തിയ ശേഷം കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുത്ത് പണയം വച്ച് പൈസ വാങ്ങിയെന്നാണ് പ്രതിയുടെ മൊഴി. വെഞ്ഞാറമൂടിലെ പണമിടപാട് സ്ഥാപനത്തില്‍ അഫാന്‍ ഇടപാട് നടത്തിയിട്ടുണ്ട്. മൃതദേഹം കിടന്ന സ്ഥലത്ത് 500 രൂപയുടെ നോട്ടുകള്‍ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു. അഫാന്‍ ആദ്യം നല്‍കിയ വിവരം മാത്രമേ പൊലീസിനുള്ളു. അത് മുഴുവന്‍ മുഖവിലക്ക് എടുക്കാനാകില്ലെന്നാണ് പൊലീസ് വാദം. അതിനാല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം വിശദമായ ചോദ്യം ചെയ്യും. റൂറല്‍ എസ് പിയുടെ നേതൃത്വത്തില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്കാണ് കേസിന്റെ അന്വേഷണത്തിന് ചുമതല. 4 സി ഐമാരുടെയും പ്രത്യേക സംഘവും അന്വേഷണത്തിനുണ്ടാകും.
അഫാന്‍ എന്ന 23 കാരന്‍ സ്വന്തം സഹോദരനെയും പ്രായമായ മുത്തശ്ശിയേയും അടക്കം അഞ്ച് പേരെ ക്രൂരമായി കൊന്നത് സാമ്പത്തിക കാരണങ്ങള്‍കൊണ്ട് മാത്രമെന്ന് പൊലീസ് കരുതുന്നില്ല. പ്രതി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്ന് ഇതിനോടകം കിട്ടിയ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. മൂന്ന് സ്റ്റേഷന്‍ പരിധികളിലായി നടന്ന കൊലപാതകങ്ങള്‍ വ്യത്യസ്ത സംഘങ്ങളായിട്ടാണ് പൊലീസ് അന്വേഷിക്കുന്നത്.
കൊല്ലപ്പെട്ടവരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പ്രതി അഫാന്റെ സഹോദരന്‍ അഫ്‌സാന്റെ തലയ്ക്ക് ചുറ്റും മുറിവുകളുണ്ട്. തുടര്‍ച്ചയായി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചതായിട്ടാണ് പ്രഥമിക നിഗമനം. തലയുടെ ഒരു വശത്ത് ടി മോഡലിലാണ് മുറിവ്. മൂന്ന് മുറിവുകളും ആഴത്തിലുള്ളത്. ചെവിയിലും മുറിവുണ്ട്. അഫാന്റെ പെണ്‍ സുഹൃത്ത് ഫര്‍സാനയുടെ നെറ്റിയിലാണ് മുറിവുള്ളത്. ഈ മുറിലും ഏറെ ആഴത്തിലാണ്. അഫാന്റെ മുത്തശ്ശി സല്‍മാബീവിയുടെ തലയുടെ പിന്‍ഭാഗത്ത് മാരകമായ പരിക്കുണ്ട്.എലിവിഷം കഴിച്ചതിനെ തുടര്‍ന്ന് പ്രതി അഫാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രത്യേക മെഡിക്കല്‍ ബോഡ് രൂപീകരിച്ച് പ്രതിയെ നിരീക്ഷിച്ചു വരികയാണ്.