മനാമ: ബഹ്റൈനില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് ഹൈ ക്രിമിനല്‍ കോടതി.യുവതിയുടെ മേല്‍ സള്‍ഫ്യൂരിക് ആസിഡ് ഒഴിച്ചതിന് മുൻ ഭർത്താവിനും അയാളുടെ അനന്തരവനുമാണ് കോടതി തടവ് ശിക്ഷക്ക് വിധിച്ചത്. പത്ത് വർഷമാണ് ശിക്ഷ. ആസിഡ് ആക്രമണത്തില്‍ യുവതിക്ക് 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. സംഭവത്തില്‍ നഷ്ട പരിഹാരം നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ക്കായി കേസ് ബന്ധപ്പെട്ട കോടതിക്ക് കൈമാറിയിട്ടുണ്ട്.
ഷോപ്പിങ് മാളിലെ കാർ പാർക്കിങ്ങില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം. യുവതി ഒൻപതും പതിനൊന്നും വയസ്സുള്ള തന്റെ മക്കളുമായി ഷോപ്പിങ് മാളില്‍ എത്തിയതായിരുന്നു. യുവതിയുടെ മുൻ ഭാർത്താവിന്റെ അനന്തരവൻ പാർക്കിങ് സ്ഥലത്ത് ഒളിച്ചിരിക്കുകയായിരുന്നു. യുവതി കുട്ടികളുമായി പാർക്കിങ് ഏരിയയില്‍ എത്തിയപ്പോള്‍ പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ഇവരുടെ മുഖത്തേക്ക് എറിയുകയായിരുന്നു.
ഒന്നാം പ്രതി 28കാരനായ അനന്തരവനാണ്. അമ്മാവന്റെയും കസിൻസിന്റെയും പ്രേരണ മൂലം കൃത്യം നടത്താൻ നിർബന്ധിതനാകുകയായിരുന്നെന്നും ഇതിനായി അവർ തനിക്ക് ഗുളികകള്‍ നല്‍കിയിരുന്നെന്നും ഇയാള്‍ പറഞ്ഞു. രണ്ടാം പ്രതി കൃത്യം നടത്താനായി യുവാവിനെ പ്രേരിപ്പിക്കുകയായിരുന്നെന്ന് കോടതിയില്‍ പ്രോസിക്യൂഷൻ വാദിച്ചു. സംഭവം നടന്ന സമയം ഷോപ്പിങ് മാളില്‍ മുഖം മൂടിയണിഞ്ഞ ഒരാളെ കണ്ടിരുന്നതായും മുൻ ഭർത്താവാണെന്ന് സംശയം തോന്നിയപ്പോള്‍ ഫോട്ടോയെടുക്കാൻ ശ്രമിച്ചപ്പോഴാണ് തനിക്കു നേരെ ആസിഡ് ഒഴിച്ച് ഇവർ രക്ഷപ്പെട്ടതെന്നും യുവതി മൊഴി നല്‍കിയിരുന്നു.