ഓട്ടോ ഡ്രൈവര്‍, കറങ്ങി നടന്ന് ചെറുപായ്ക്കറ്റുകളില്‍ വില്‍ക്കുന്നത് എംഡിഎംഎ; കയ്യോടെ പൊക്കി പൊലീസ്


പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയുമായി ഓട്ടോ ഡ്രൈവര്‍ പിടില്‍. വെളിയങ്കോട് പഞ്ചിലകത്ത് വീട്ടില്‍ സുഫൈലാണ് (24) അറസ്റ്റിലായത്.ലഹരി മരുന്ന് ഉപയോഗവും വില്‍പ്പനയും തടയാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിദ്ദേശ പ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി പൊന്നാനി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ പരിശോധനയിലാണ് സുഹൈല്‍ കുടുങ്ങിയത്. മൂന്ന് ഗ്രാം എംഡിഎംഎയാണ് ഓട്ടോ ഡ്രൈവറില്‍ നിന്നും പിടിച്ചെടുത്തത്.

വില്‍പനക്കായി ചെറിയപാക്കറ്റുകള്‍ ആക്കി ഓട്ടോറിക്ഷയില്‍ ചുറ്റിക്കറങ്ങിയാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. മയക്കുമരുന്ന് വില്‍പ്പനക്ക് ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ബെംഗളളൂരുവില്‍ നിന്നാണ് ലഹരിമരുന്ന് കൊണ്ടുവന്നിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് എത്തിക്കുന്ന ഏജന്‍റിനെ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങി.

പൊന്നാനി പൊലീസ് ഇന്‍സ്‌പെക്ടര്‍ ജലില്‍ കറുത്തേടത്തിന്റെ നേതൃത്യത്തില്‍ പൊന്നാനി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ യുഅരുണ്‍, ആനന്ദ്,എ എസ്.ഐ മധുസൂദനന്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജിത്ത് കുമാര്‍, നാസര്‍, പ്രശാന്ത് കുമാര്‍ അനൂപ് രഞ്ജിത്ത് പെരുമ്ബടപ്പ് സ്റ്റേഷനിലെ ഉദയകുമാര്‍, വിഷ്ണു, ജെ റോം എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് ലഹരിമരുന്നും പ്രതിയെയും പിടികൂടിയത്. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

അതിനിടെ മലപ്പുറം നിലമ്ബൂരില്‍ ഹെറോയിനുമായി അസം സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. നസെദ് അലി (28 വയസ്) എന്നയാളാണ് 11.8 ഗ്രാം ഹെറോയിനുമായി പിടിയിലായത്. അഥിതി തൊഴിലാളികള്‍ക്കിടയില്‍ മയക്കുമരുന്ന് ചില്ലറ കച്ചവടം നടത്തിവരികയായിരുന്നു പ്രതി. എക്സൈസ് കമ്മീഷണർ സ്‌ക്വാഡും നിലമ്ബൂർ റേഞ്ച് പാർട്ടിയും മലപ്പുറം ഇന്റലിജിൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധയിലാണ് ഇയാള്‍ പിടിയിലായത്.