ചണ്ഡീഗഢ്: ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട് കേസില്‍ കണ്ടെത്തി. റോഹ്തക് ജില്ലയിലെ ബസ് സ്റ്റാൻഡിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.യൂത്ത് കോണ്‍ഗ്രസ് റോഹ്തക് ജില്ല വൈസ് പ്രസിഡന്‍റായ 22 കാരി ഹിമാനി നർവാളാണ് കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
റോഹ്തക് – ദില്ലി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാൻഡിന് 200 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. സംസ്ഥാനത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഹിമാനി പങ്കെടുത്തിരുന്നു. ഭൂപീന്ദർ ഹൂഡയുടെയും ദീപീന്ദർ ഹൂഡയുടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവസാന്നിധ്യമായിരുന്നു ഹിമാനി. സംഭവത്തിഷ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് ടീം സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. സി സി ടി വി കേന്ദ്രകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ പ്രധാനമായും നടക്കുന്നത്.