അടുത്ത മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പ്; എട്ട് ജില്ലകളില്‍ ഇടത്തരം/നേരിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.രാത്രി ഏഴ് മണിക്ക് നല്‍കിയ അറിയിപ്പിലാണ് കേരള ദുരന്ത നിവാരണ അതോറിറ്റി ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം നഗരത്തില്‍ മണിക്കൂറുകളായി കനത്ത മഴയും വെള്ളക്കെട്ടും തുടരുന്നതിനിടെയാണ് പുതിയ അറിയിപ്പ്.
അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരത്ത് പ്രധാന റോഡുകളിലെ വെള്ളക്കെട്ട് ഗതാഗതത്തെ ബാധിച്ചു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരണമെന്ന് കെഎസ്‍ഡിഎംഎ അറിയിച്ചു.
മഴയ്ക്കിടെ ശാസ്തമംഗത്ത് ഓണ്‍ലൈൻ ഭക്ഷണ വിതരണക്കാരനായ യുവാവിന് തോട്ടില്‍ വീണ് പരുക്കേറ്റു. ശാസ്തമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള തുറവൂർ ലൈനിനടുത്താണ് യുവാവ് ബൈക്കുമായി വീണത്. മഴ തുടർന്നതോടെ നല്ല ഒഴുക്കുണ്ടായിരുന്ന തോട്ടിലേക്ക് വീണ ശ്യാം എന്ന യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി. പിന്നാലെ ഫയർഫോഴ്സ് എത്തിയാണ് ബൈക്ക് തോട്ടില്‍ നിന്നും കരയിലെത്തിച്ചത്.