ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; സുഹൃത്ത് അറസ്റ്റില്‍, ആത്മഹത്യ പ്രേരണ ചുമത്തി


കോഴിക്കോട്: കോഴിക്കോട് ലോ കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ സുഹൃത്ത് അല്‍ഫാൻ ഇബ്രാഹിമിന്റെ അറസ്റ്റ് രേഖപ്പെടുത്തി.ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ ചുമത്തി. പെണ്‍കുട്ടിയുടെ ഫോണ്‍ പ്രതി ബലമായി എടുത്ത് കൊണ്ടുപോയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ചു അല്‍ഫാൻ മോശം കാര്യങ്ങള്‍ പറഞ്ഞു. പൊതുമധ്യത്തില്‍ വച്ചു മൗസയെ മർദിച്ചു. എത്ര ചോദിച്ചിട്ടും ഫോണ്‍ തിരികെ കൊടുത്തില്ല. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

വയനാട് വൈത്തിരിയില്‍ നിന്നാണ് അല്‍ഫാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചേവായൂർ സ്റ്റേഷനില്‍ എത്തിച്ച്‌ ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. തൃശ്ശൂർ പാവറട്ടി സ്വദേശിയായ മൌസ മെഹ്രിസ് ഫെബ്രുവരി 24 നാണ് മരിച്ചത്. ചേവായൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു അന്വേഷിക്കുന്നതിനിടെ അല്‍ഫാൻ ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ക്ക് എതിരെ തെളിവുകള്‍ കിട്ടിയിരുന്നില്ല. എന്നാല്‍ ഒളിവില്‍ പോയതോടെ അല്‍ഫാന് വേണ്ടി വ്യാപക തെരച്ചില്‍ പൊലീസ് നടത്തിയിരുന്നു. മരിച്ച മൗസ മെഹ്റിസിന്റ ഫോണ്‍ ഇതുവേറെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച എന്തെങ്കിലും വിവരം അല്‍ഫാനില്‍ നിന്ന് കിട്ടുമോ എന്നാണ് പൊലീസ് നോക്കുന്നത്.