പുതുച്ചേരി: അണ്ടര്‍ 23 വനിതാ ഏകദിന ചാമ്ബ്യന്‍ഷിപ്പില്‍ ഹരിയാനയെ തോല്‍പ്പിച്ച് കേരളം. 24 റണ്‍സിനായിരുന്നു കേരളത്തിന്റെ വിജയം.ആദ്യം ബാറ്റ് ചെയ്ത കേരളം 49.4 ഓവറില്‍ 209 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന 185 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണര്‍ മാളവിക സാബുവിന്റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായി. എന്നാല്‍ ദിയാ ഗിരീഷും വൈഷ്ണ എം പിയും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് തുണയായി.
ദിയ ഗിരീഷ് 38 റണ്‍സെടുത്ത് പുറത്തായെങ്കിലും മറുവശത്ത് ഉറച്ച് നിന്ന വൈഷ്ണ എം പിയുടെ പ്രകടനമാണ് കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍ നല്കിയത്. വൈഷ്ണ 58 റണ്‍സ് നേടി. 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്‌ല സിഎംസിയും കേരള ബാറ്റിങ് നിരയില്‍ തിളങ്ങി. അനന്യ കെ പ്രദീപ് 23 റണ്‍സെടുത്തു. നജ്‌ലയുടെ വിക്കറ്റിന് പിറകെ വാലറ്റം തകര്‍ന്നടിഞ്ഞതോടെ കേരളം 209 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ വന്ദന സെയ്‌നിയും കരീന ജംഗ്രയുമാണ് ഹരിയാന ബൌളിങ് നിരയില്‍ തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാനയ്ക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും രണ്ട് ബാറ്റര്‍മാര്‍ക്ക് മാത്രമാണ് മികച്ച ഇന്നിങ്‌സുകള്‍ കാഴ്ച വയ്ക്കാനായത്. 60 റണ്‍സെടുത്ത ഓപ്പണര്‍ ദീയ യാദവും 43 റണ്‍സെടുത്ത തനീഷ ഒഹ്ലാനും മാത്രമാണ് ഹരിയാന ബാറ്റിങ് നിരയില്‍ തിളങ്ങിയത്. നാല് വിക്കറ്റുമായി ഹരിയാനയുടെ മധ്യനിരയെ തകര്‍ത്തെറിഞ്ഞ അലീന എം പിയുടെ പ്രകടനമാണ് കേരളത്തിന് മുതല്‍ക്കൂട്ടായത്. ഐശ്വര്യ എ കെ രണ്ടും നജ്‌ല സിഎംസി ഒരു വിക്കറ്റും വീഴ്ത്തി.