തൃശൂര്‍: നെടുപുഴയിലെ വാടക വീട്ടില്‍നിന്ന് നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയും പിടികൂടി. സഹോദരന്മാരടക്കം മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇവരുടെ വാഹനങ്ങളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ആര്‍ ഇളങ്കോയുടെ നിര്‍ദേശാനുസരണം നടപ്പാക്കി വരുന്ന ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായിട്ടായിരുന്നു നടപടി.
നെടുപുഴ മാഷുപടി റോഡില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന അരിമ്ബൂര്‍ നാലാംകല്ലില്‍ തേക്കിലക്കാടന്‍ വീട്ടില്‍ അലന്‍ (19), സഹോദരന്‍ അരുണ്‍ (25), അരണാട്ടുകര രേവതി മൂലയില്‍ കണക്കപ്പടിക്കല്‍ ആഞ്ജനേയന്‍ (19) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അലനും അരുണും എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വില്‍പനയ്ക്ക് തയാറാക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഏതാനും ദിവസങ്ങളായി ഈ പ്രദേശം പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച അര്‍ധരാത്രിയോടെ പൊലീസ് വീട് വളഞ്ഞു. സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ പൊലീസിനെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ടു.
ലഹരി ഉപയോഗിച്ചുകൊണ്ട് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വില്‍പ്പനയ്ക്കായി ചെറിയ പാക്കറ്റുകളില്‍ നിറയ്ക്കുന്നതിനിടെയാണ് അലനും അരുണും ആഞ്ജനേയനും പിടിയിലായത്. ഓടിയൊളിച്ച മറ്റ് രണ്ട് പേര്‍ക്കു വേണ്ടി പൊലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. പിടിയിലായവരുടെ മൊബൈല്‍ ഫോണുകളില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച് ലഹരി വാങ്ങുന്നവര്‍ക്കു വേണ്ടിയുള്ള തിരച്ചിലും നടത്തി വരികയാണ്. തൃശൂര്‍ എസിപി എന്‍ സലീഷ് ശങ്കരന്റെ നേതൃത്വത്തില്‍ നെടുപുഴ ഇന്‍സ്‌പെക്ടര്‍ ഷജകുമാര്‍, എസ് ഐമാരായ കെ ആര്‍ ശാന്താറാം, എന്‍ പി സന്തോഷ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.