ഒന്നാമത് കൊച്ചി, രണ്ടാമത് തൃശ്ശൂര്‍; സംസ്ഥാനത്തെ ഓപ്പറേഷൻ ഡി ഹണ്ടില്‍ 2 ആഴ്ചയില്‍ പിടിയിലായത് 4228 പേര്‍, 4081 കേസുകള്‍


തിരുവനന്തപുരം: ലഹരിക്കെതിരായ ഓപ്പറേഷൻ ഡി ഹണ്ടിലൂടെ സംസ്ഥാനത്ത് രണ്ടാഴ്ച്ചയ്ക്കിടെ പിടികൂടിയത് 4,228 പേരെ. കഴിഞ്ഞമാസം 22 മുതല്‍ ഈമാസം എട്ട് വരെ നടത്തിയ പരിശോധനയില്‍ 4081 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്.സംസ്ഥാനത്ത് ലഹരി ഉപയോഗവും അതിക്രമങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കർശന പരിശോധനകളിലേക്ക് പൊലീസ് കടന്നത്.

ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്ത 4,228 പേരെയാണ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍റെ ഭാഗമായി 1.434 കിലോഗ്രാം എംഡിഎംഎയും 185.229 കിലോഗ്രാം കഞ്ചാവും പൊലീസ് പിടികൂടി. ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി നിരോധിത മയക്കുമരുന്ന് വില്‍പന സംശയിച്ച്‌ 33,838 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.

ഏറ്റവും കൂടുതല്‍ ആളുകള്‍ അറസ്റ്റിലായത് കൊച്ചിയില്‍ നിന്നാണ്. രണ്ടാമത് തൃശ്ശൂര്‍. എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി ഹണ്ട് നടപ്പാക്കുന്നത്.