കാലാവസ്ഥ പ്രവചനം ശരിയായാല്‍ രക്ഷപ്പെട്ടു! ചൂടില്‍ നിന്ന് മോചനമാകും, ഇന്ന് മഴ, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ പ്രവചിച്ച് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.മറ്റെല്ലാ ജില്ലകളിലും മഴ സാധ്യത പ്രവചിച്ചു. വരുന്ന മൂന്ന് ദിവസത്തേക്ക് മഴ പ്രവചിക്കുന്നു. കനത്ത ചൂടില്‍ മഴ ലഭിച്ചാല്‍ വലിയ ആശ്വാസമാകും. അതോടൊപ്പം താപനിലയിലും കുറവുണ്ടാകും. കേരളത്തിന് പുറമെ, ലക്ഷദ്വീപിലും മഴ സാധ്യതയുണ്ട്.
അതേസമയം, വേനല്‍ച്ചൂട് കനക്കുകയാണെന്നും ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. പകല്‍ പുറത്തിറങ്ങുമ്ബോള്‍ അതീവ ദുഷ്കരമായ സാഹചര്യം അനുഭവപ്പെടുന്നു. എല്ലാവരും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഉയർന്ന തോതില്‍ തുടർച്ചയായി അള്‍ട്രാ വയലറ്റ് രശ്മികള്‍ ശരീരത്തിലേല്‍ക്കുന്നത് സൂര്യാതപം ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാകാം. സാരമായ പൊള്ളല്‍ ഏല്‍ക്കാം.
ഉയർന്ന അള്‍ട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാല്‍ രാവിലെ 10 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്നവരും തൊഴില്‍ദായകരും ജോലിസമയം ക്രമീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ശ്രദ്ധിക്കണം.
ചർമ, നേത്രരോഗങ്ങളോ ക്യാൻസറോ ഉള്ളവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേക ജാഗ്രത പാലിക്കണം. പകല്‍ ഇറങ്ങുമ്ബോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കണം. ശരീരം മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതാണുചിതം. യാത്രാ ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാൻ ശ്രമിക്കുക. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ജാഗ്രത പുലർത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.