കോഴിക്കോട്: താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തില്‍ പ്രതികളായ വിദ്യാര്‍ത്ഥികളെ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതാന്‍ അനുവദിച്ചതിനെതിരായ ഹർജി ഹൈക്കോടതി ബുധനാഴ്ച്ചത്തേക്ക് മാറ്റി.ഷഹബാസിന്‍റെ പിതാവാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഇരയ്ക്കും അവകാശങ്ങളുണ്ടെന്നാണ് ഷഹബാസിന്റെ പിതാവ് കോടതിയില്‍ വാദിച്ചത്. ചെറിയ കുറ്റകൃത്യങ്ങളില്‍ പോലും പ്രതികളായവരെ ഡീ ബാർ ചെയ്യാറുണ്ടെന്നും ഷഹബാസിന്റെ പിതാവ് ഹൈക്കോടതിയില്‍ വാദിച്ചു.
പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ഷഹബാസ് വധക്കേസിലെ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികള്‍ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതിയത്. പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജുവൈനല്‍ ഹോമില്‍ തന്നെയാണ് പ്രതികള്‍ക്ക് പരീക്ഷ കേന്ദ്രമൊരുക്കിയത്. പ്രതികളെ പാര്‍പ്പിച്ചിരുന്ന വെളളിമാട് കുന്ന് ജുവനൈല്‍ ഹോമിന് പരിസരത്തെ സ്കൂളുകളാണ് പരിഗണിച്ചത് എങ്കിലും അവിടേക്കും പ്രതിഷേധം വ്യാപിക്കുമെന്നതിനാല്‍ ജുവനൈല്‍ ഹോം തന്നെ പരീക്ഷ കേന്ദ്രമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോർഡിന്‍റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷഹബാസിന്റെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. കുറ്റകൃത്യത്തിന്‍റെ തീവ്രത മനസിലാക്കാതെയാണ് ആദ്യ അഞ്ച് പ്രതികളെ പരീക്ഷയെഴുതാൻ അനുവദിച്ചതെന്നാണ് വാദം.