ഇടുക്കി: ഇടുക്കി മറയൂരില്‍ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി. മറയൂർ ചെറുവാട് സ്വദേശി ജഗൻ (32) ആണ് കൊല്ലപ്പെട്ടത്.സഹോദരൻ അരുണിനെ മറയൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. മറയൂർ ചെറുവാട് സ്വദേശി ജഗൻ മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുന്നയാളാണെന്നാമ് പൊലീസ് പറയുന്നത്.
വൈകിട്ട് മദ്യപിച്ച് ജഗൻ മാതൃ സഹോദരിയെ വെട്ടു കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് കൊലപാതകം. തർക്കത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ ജഗന് വെട്ടേറ്റു. ഗുരുതര പരിക്കേറ്റ ഇയാളെ മറയൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സംഭവം സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത അരുണിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും.
ആദിവാസി വിഭാഗത്തില്‍പ്പെട്ട ഇവർ നേരത്തെ ചെറുവാട് ഭാഗത്തായിരുന്നു താമസം. പ്രദേശവാസികളുമായി ജഗൻ സ്ഥിരം മദ്യപിച്ച് പ്രശ്നം ഉണ്ടാക്കുന്നതിനെ തുടർന്ന് ഇന്ദിരാനഗറിലേക്ക് താമസം മാറ്റുകയായിരുന്നു. എന്നാല്‍ ഇവിടെയും ജഗൻ മദ്യപിച്ച് പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു എന്നാണ് പോലീസ് പറയുന്നത്. മൃതദേഹം മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്മോർട്ടം നടപടികള്‍ക്ക് ശേഷം നാളെ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു നല്‍കും.