കിഴക്ക് പടിഞ്ഞാറൻ കാറ്റിന്‍റെ സംയോജനം; 2 ദിവസം ശക്തമായ ഇടിമിന്നലോടെ മഴ, ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കിഴക്ക് പടിഞ്ഞാറൻ കാറ്റിന്റെ സംയോജനംമൂലം ഇന്നും നാളെയും എല്ലാ ജില്ലകളിലും ശക്തമായ ഇടിയും മിന്നലും കാറ്റോടും കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഉച്ചക്ക് ശേഷം തുടക്കത്തില്‍ കിഴക്കൻ മേഖല കേന്ദ്രീകരിച്ചു തുടങ്ങി,തുടർന്ന് ഇടനാട് തീരദേശങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വൈകുന്നേരം രാത്രിയോടെ മധ്യ തെക്കൻ കേരളത്തില്‍ കൂടുതല്‍ പ്രദേശങ്ങങ്ങളിലും വടക്കൻ കേരളത്തില്‍ മലയോര മേഖലയിയിലും ശക്തമായ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 50 കിമി വരെ വേഗതയില്‍ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ജില്ലകളില്‍ പൊതുവെ മേഘാവൃതമാണെങ്കിലും വടക്കൻ ജില്ലകളില്‍ ഉയർന്ന ചൂട് അനുഭവപ്പെടുന്നുണ്ട്.