പവര്‍ പ്ലേയില്‍ പിടിമുറുക്കി ചെന്നൈ; ഹിറ്റ്മാന് നാണക്കേടിന്റെ റെക്കോര്‍ഡ്
ചെന്നൈ: ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ എന്നറിയപ്പെടുന്ന ചെന്നൈ സൂപ്പർ കിംഗ്സ് – മുംബൈ ഇന്ത്യസ് പോരാട്ടത്തില്‍ ഒന്നാം ഇന്നിംഗ്സ് പവർ പ്ലേ പൂർത്തിയായി.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് പവർ പ്ലേയില്‍ മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. ഓപ്പണർമാരായ രോഹിത് ശർമ്മയുടെയും റയാൻ റിക്കെല്‍ട്ടന്റെയും വില്‍ ജാക്സിന്റെയും വിക്കറ്റുകളാണ് ചെന്നൈ തുടക്കത്തില്‍ തന്നെ വീഴ്ത്തിയത്.
ആദ്യ ഓവറിന്റെ നാലാം പന്തില്‍ തന്നെ രോഹിത് ശർമ്മ മടങ്ങി. ഖലീല്‍ അഹമ്മദിന്റെ പന്തിനെ ഫ്ലിക്ക് ചെയ്യാനുള്ള രോഹിത്തിന്റെ ശ്രമം മിഡ് വിക്കറ്റില്‍ ശിവം ദുബെയുടെ കൈകളില്‍ അവസാനിച്ചു. മൂന്നാം ഓവറിന്റെ രണ്ടാം പന്തില്‍ റിക്കെല്‍ട്ടനെയും ചെന്നൈ മടക്കിയയച്ചു. രണ്ട് വിക്കറ്റുകളും ഖലീല്‍ അഹമ്മദ് തന്നെയാണ് സ്വന്തമാക്കിയത്. 5-ാം ഓവറില്‍ വില്‍ ജാക്സിനെ കറക്കി വീഴ്ത്തി രവിചന്ദ്രൻ അശ്വിൻ ചെന്നൈ ആരാധകരെ ആവേശത്തിലാക്കി. പവർ പ്ലേ പൂർത്തിയായപ്പോള്‍ മുംബൈ 3 വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് എന്ന നിലയിലാണ്. 19 റണ്‍സുമായി സൂര്യകുമാർ യാദവും 8 റണ്‍സുമായി തിലക് വർമ്മയുമാണ് ക്രീസില്‍.
നേരത്തെ, നേരിട്ട നാലാം പന്തില്‍ റണ്‍സൊന്നും നേടാനാകാതെയാണ് രോഹിത് ശർമ്മ പുറത്തായത്. ഇത് രോഹിത്തിന് നാണക്കേടിന്റെ റെക്കോർഡ് സമ്മാനിക്കുകയും ചെയ്തു. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പൂജ്യത്തിന് പുറത്തായ താരങ്ങളുടെ പട്ടികയില്‍ രോഹിത് ശർമ്മ, ദിനേഷ് കാർത്തിക്, ഗ്ലെൻ മാക്സ്വെല്‍ എന്നിവർക്കൊപ്പമെത്തി. മൂവരും 18 തവണയാണ് പൂജ്യത്തിന് പുറത്തായത്.